തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 101 പേരുടെ പിന്തുണയോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തത്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് സ്പീക്കർ സ്ഥാനത്തേക്ക് മൂന്നുപേർ മത്സരിച്ചത്. എൽഡിഎഫിന് വേണ്ടി കുന്നംകുളം എംഎൽഎ എ.സി മൊയ്തീനും ബിജെപിക്ക് വേണ്ടി ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാറും മത്സരിച്ചിരുന്നു. എ.സി മൊയ്തീന് 35 വോട്ടും ബി.ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു.
ഈ മാസം 29നാണ് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം. ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. നിലവിൽ നിയമസഭാ സെക്രട്ടറിയേറ്റ് ഇറക്കിയ കലണ്ടറിൽ ബജറ്റ് തീയതി പ്രഖ്യാപിച്ചിട്ടില്ല.കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംഘടനാരംഗത്തെയും പാർലമെൻററി രംഗത്തെയും അനുഭവ സമ്പത്താണ് തിരുവഞ്ചൂരിന്റെ കരുത്ത്. ആദ്യ തെരഞ്ഞെടുപ്പിൽപരാജയപ്പെട്ടെങ്കിലും പിന്നീട് തുടർച്ചയായി എട്ടുതവണയാണ് തിരുവഞ്ചൂർ എംഎൽഎ ആയത്.
സൗമ്യമുഖമാണെങ്കിലും രാഷ്ട്രീയ നിലപാടുകളിൽ കർക്കശക്കാരനായ നേതാവ്. ബാലജനസഖ്യത്തിലൂടെയാണ് തിരുവഞ്ചൂരിന്റെ പൊതുരംഗത്തേക്കുള്ള പ്രവേശനം. 1967ൽ കെഎസ്യു പാനലിൽ കോട്ടയം ബസേലിയസ് കോളേജ് ചെയർമാനായി. കെഎസ്യു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവും വഹിച്ചു. 84ൽ കെപിസിസി ജനറൽ സെക്രട്ടറിയായി.


