തിരുവനനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് സ്പീക്കറുടെ റൂളിംഗ്. ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാകാത്തതു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് നടപടി.
പ്രതിപക്ഷ നേതാവിന്റെ ക്രമപ്രശ്നം വിശദമായി പരിശോധിച്ചതായി സ്പീക്കര്‍ അറിയിച്ചു. കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷം സഭയില്‍ വയ്ക്കുമ്പോള്‍ ആവശ്യമായ വിശദീകരണം കൂടി ലഭ്യമാക്കേണ്ടതായിരുന്നു. കാലതാമസം ഇല്ലാതെ ബന്ധപ്പെട്ട രേഖകള്‍ സഭയിലെത്തിക്കാന്‍ ധനവകുപ്പ് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
നടപ്പ് സമ്മേളനത്തില്‍ 199 ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ സമയപരിധി ആനുകൂല്യം എടുക്കരുത്. ഇതിനു മുന്‍പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിമാരില്‍ പലരും സമയനിഷ്ഠ പാലിച്ച് തുടങ്ങി. മറ്റ് മന്ത്രിമാരുടെ മാതൃക ധനമന്ത്രി പിന്തുടരണമെന്നും സ്പീക്കര്‍ റൂളിംഗ് നടത്തി.
ഈ സമ്മേളന കാലയളവില്‍ മറുപടി നല്‍കേണ്ട 199 ചോദ്യങ്ങള്‍ക്ക് ധനമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ വസ്തുതകള്‍ ആവശ്യപ്പെടുന്ന ചോദ്യങ്ങളായിരുന്നു പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
എന്നാല്‍ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുണ്ട്. സമയപരിധി തീര്‍ന്നിട്ടില്ല.
കഴിഞ്ഞ സമ്മേളനത്തിലെതുള്‍പ്പെടെ 100 ഓളം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുണ്ട്. ചോദ്യങ്ങളിലേറെയും 20 വര്‍ഷത്തിനകമുള്ള കണക്ക് ശേഖരിച്ച് നല്‍കേണ്ടതും വിവിധ മണ്ഡലങ്ങളില്‍ നിന്ന് വിവരം ശേഖരിക്കേണ്ടതുമാണ്.
പരമാവധി വേഗം ഉത്തരം ലഭ്യമാക്കുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇതിന് പിന്നാലെ ആയിരുന്നു സ്പീക്കറുടെ റൂളിംഗ്.