ന്യൂഡൽഹി: ഡിജിറ്റൽ കാലത്ത് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ വലിയ പങ്ക് വഹിക്കുന്ന പങ്ക് ചെറുതല്ല. വാർത്ത വിതരണത്തിലും അഭിപ്രായ രൂപീകരണത്തിലും യുറ്റ്യൂബ്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ നടത്തുന്ന ഇടപെടലുകൾ ഒഴിവാക്കാൻ പറ്റാത്തതാണ്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസരും വ്ളോഗർമാരും ഇതിലൂടെ നടത്തുന്ന ഇടപെടലും ഒഴിവാക്കാൻ സാധിക്കില്ല.
എന്നാൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വാർത്തകളും സമകാലിക വിഷയങ്ങളും പങ്കുവെക്കുന്ന സ്വതന്ത്ര ക്രിയേറ്റർമാരെയും ഇൻഫ്ലുവൻസർമാരെയും നിയന്ത്രിക്കുക ലക്ഷ്യമിട്ട് പുതിയ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഡിജിറ്റൽ വാർത്താ പ്രസാധകർക്ക് ബാധകമായ എല്ലാ ചട്ടങ്ങൾക്കും ഇനി ഇവർക്കും ബാധകമാകും. 2021 ഐടി ചട്ടത്തിൽ ഭേദഗതി വരുത്തി ഇത് സംബന്ധിച്ച് കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പുതിയ നിയമം അനുസരിച്ച് വാർത്തകളും സമകാലിക വിഷയങ്ങളും ഓൺലൈനായി സംപ്രേഷണം ചെയ്യുന്ന ആരെയും ഡിജിറ്റൽ ന്യൂസ് ബ്രോഡ്കാസ്റ്റർ വിഭാഗത്തിൽ കൊണ്ടുവരും. ആഗോള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വീഡിയോ സ്ട്രീമിംഗ് സേവനങ്ങളും ഉൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഇടനിലക്കാർക്കും ഭേദഗതി ചെയ്ത നിയമങ്ങൾ ബാധകമാകും.
നിയമവിരുദ്ധമോ തെറ്റിദ്ധരിപ്പിക്കുന്നതോ ദോഷകരമോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ച് പ്ലാറ്റ്ഫോമുകൾ അവരുടെ നിയമങ്ങൾ, സ്വകാര്യതാ നയങ്ങൾ, ഉപയോക്തൃ കരാറുകൾ എന്നിവയിലൂടെ ഉപയോക്താക്കളെ അറിയിക്കണമെന്ന് കരട് വ്യക്തമാക്കുന്നു. ഇമേജുകൾ, വീഡിയോകൾ അല്ലെങ്കിൽ ശബ്ദാധിഷ്ഠിത ഉള്ളടക്കം സൃഷ്ടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ, അത്തരം മെറ്റീരിയലുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് വ്യക്തമായി ലേബൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. യഥാർത്ഥ വ്യക്തികളെയോ സംഭവങ്ങളെയോ തെറ്റായി ചിത്രീകരിക്കുന്ന ഉള്ളടക്കം ഉൾപ്പെടെ, നിയമപരമായ വ്യവസ്ഥകൾ ലംഘിക്കുന്ന എഐ ജനറേറ്റഡ് ഉള്ളടക്കം സൃഷ്ടിക്കുന്നതോ പ്രചരിപ്പിക്കുന്നതോ തടയാൻ ഇടനിലക്കാർ സാങ്കേതിക ഉപകരണങ്ങൾ വിന്യസിക്കേണ്ടതുണ്ട്.


