കോട്ടയം: ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കല്‍. എന്‍ എസ് എസ് പിന്തുണ കൂടി ഉറപ്പായതോടെ പരിപാടിയിലൂടെ വലിയ രാഷ്ട്രീയനേട്ടമുണ്ടാകുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍.
ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗനീതിക്ക് വേണ്ടിയുള്ള സര്‍ക്കാറിന്റെയും സി പി എമ്മിന്റെയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ജ്യോതി തെളിയിക്കുന്നത്. വനിതാ മതിലിനെ കടുത്ത ഭാഷയില്‍ എതിര്‍ത്ത എന്‍ എസ് എസ് വിശ്വാസികള്‍ക്ക് ആവശ്യമെങ്കില്‍ ജ്യോതിയില്‍ അണിചേരാമെന്ന നിലപാടെടുത്തത് നിര്‍ണ്ണായകമായി, ബി ജെ പി ആഗ്രഹിച്ച പിന്തുണ കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസ്സും എന്‍ എസ് എസിനെ വിമര്‍ശിച്ചു. പക്ഷെ എന്‍ എസ് എസ് നേതാക്കള്‍ നേരിട്ട് ജ്യോതിയില്‍ പങ്കെടുക്കില്ല.
അതേസമയം, മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, പി എസ് സി ചെയര്‍മാനായിരുന്ന കെ എസ് രാധാകൃഷ്ണന് അടക്കമുള്ളവര്‍ ജ്യോതിയില്‍ അണിചേരുന്നത് ബി ജെ പി പ്രചാരണമാക്കുന്നു. ബി ജെ പിയുടെ ശബരിമല സമരത്തിന് വീര്യം കുറഞ്ഞെന്ന് ആക്ഷേപം ഇടക്ക് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, വീണ്ടും യുവതികള്‍ മലചവിട്ടാനെത്തിയതോടെ ജ്യോതി അടക്കമുള്ള തുടര്‍സമരങ്ങളുടെ പ്രസക്തി കൂടിയെന്നാണ് പാര്‍ട്ടി നിലപാട്.


