വലിയ അവകാശ വാദത്തോടെ തുടങ്ങിയ കെ-ഫോൺ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സമ്മതിച്ച് രണ്ടാം പിണറായി സർക്കാറിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോർട്ട്. 150 കോടിയുടെ വാര്‍ഷിക വരുമാനം ലക്ഷ്യമിട്ട് അതിവേഗം മുന്നേറുകയാണെന്ന കെ ഫോൺ അധികൃതരുടെ അവകാശ വാദം നിലനിൽക്കെ, ആദ്യഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷന്റെ പകുതി പോലും പൂര്‍ത്തിയായില്ല എന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ ആദ്യഘട്ട ഉദ്ഘാടനവും 2021ൽ പദ്ധതി പൂര്ത്തീകരണവുമെന്നാണ് പ്രകടനപത്രികയിലുണ്ടായിരുന്നത്. എന്നാൽ, രണ്ടാം സര്‍ക്കാര്‍ അധികാരത്തിൽ വന്ന് നാലാംവർഷത്തിലേക്ക് കടന്നിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ലെന്നാണ് പ്രോഗ്രസ് റിപ്പോർട്ട് അടിവരയിടുന്നത്.പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കിലും മറ്റുള്ളവര്‍ക്ക് മിതമായ വിലയിലും ഇന്റര്‍നെറ്റ് എത്തിക്കുകയും ഡിജിറ്റൽ സമത്വത്തിലൂടെ നവകേരള നിര്‍മ്മിതിയുമായിരുന്നു പിണറായി സര്‍ക്കാര്‍ കെ ഫോണുകൊണ്ട് ഉദ്ദേശിച്ചത്. ഒരു മണ്ഡലത്തിൽ 100 പേർക്ക് എന്ന കണക്കിൽ 140 മണ്ഡലങ്ങളിലുമായി 14,000 സൗജന്യ കണക്ഷൻ നൽകുമെന്നായിരുന്നു വാഗ്ദാനം.


