തിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ നോക്കിയല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങള്‍ നോക്കിയാണ് ബിജെപിയിലെത്തിയതെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ മുൻ അധ്യക്ഷ പത്മിനി തോമസ്.മനസ് മടുത്താണ് കോണ്‍ഗ്രസ് വിട്ടതെന്നും കുറച്ചുനാളായി ഇക്കാര്യം ആലോചനയിലായിരുന്നുവെന്നും പത്മിനി കൂട്ടിച്ചേർത്തു.
ദേശീയ കായിക വേദിയെ നശിപ്പിക്കാൻ ഒരാള്‍ ശ്രമിച്ചു. പല കെപിസിസി അധ്യക്ഷന്മാരോടും പരാതി പറഞ്ഞിരുന്നു. എന്നാല്‍ ആരും അത് പരിഗണിച്ചില്ലെന്നും പത്മിനി ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും കോണ്‍ഗ്രസുകാര്‍ക്ക് ഗ്രൂപ്പ് മാത്രമാണ് പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു.
ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തക എന്ന നിലയിലാണ് ബിജെപിയിലെത്തിയത്. സ്ത്രീകള്‍ക്ക് കോണ്‍ഗ്രസില്‍ ഒരു പരിഗണനയുമില്ല. മോദി സര്‍ക്കാര്‍ കായിക- വനിതാ രംഗത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിച്ചു. ഒരു വര്‍ഷം മുന്‍പേ ബിജെപി തന്നെ സമീപിച്ചിരുന്നു. മനസുകൊണ്ട് താന്‍ ഒരു വര്‍ഷം മുന്‍പ് മുതല്‍ക്ക് ബിജെപിയായിരുന്നുവെന്നും പത്മിനി പറഞ്ഞു.
ഡിസിസി മുൻ ജനറല്‍ സെക്രട്ടറിമാരായ തമ്ബാനൂര്‍ സതീഷ്, ഉദയൻ, എന്നിവർക്കൊപ്പമാണ് പത്മിനിയും മകൻ ഡാനി ജോണ്‍ സെല്‍വനും ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.
കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിന്ന തമ്ബാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. താൻ സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് എത്തിയപ്പോഴാണ് അദ്ദേഹം ബിജെപിയില്‍ ചേരുകയാണെന്ന് വ്യക്തമായത്.
തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന്ണ് ബുധനാഴ്ച ബിജെപി നേതൃത്വം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇരുമുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു.


