കല്‍പ്പറ്റ: കുറുവാദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കള്‍ക്ക് കൈമാറി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. അതിനിടെ വയനാട്ടില്‍ ഇടത്-വലത് മുന്നണികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. വന്യജീവി ആക്രമണത്തില്‍ ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ താല്‍ക്കാലിക വാച്ചറായിരുന്ന പോളിനെ കുറുവ ദ്വീപിന് സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് അജീഷ് എന്നയാളെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്ന എന്ന മോഴയാനയെ മയക്കുവെടി വെക്കാനായി ഇരുന്നൂറോളംപേര്‍ വരുന്ന വനം വകുപ്പ് ദൗത്യസംഘം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലയില്‍ വനത്തില്‍ കയറിയപ്പോഴാണ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കുറുവാ ദ്വീപില്‍ പോളിനെ കാട്ടാന ആക്രമിച്ചത്.


