മൂവാറ്റുപുഴ: മൂവാറ്റുപുഴ ആറിലേയ്ക്ക് മാലിന്യ തള്ളുന്നത് തടയുന്നതിന് പ്രത്യേക സ്ക്വാഡ്.സംസ്ഥാനത്തെ ഏറ്റവും ശുദ്ധജലം ഒഴുകുന്ന നദി എന്ന് കരുതപ്പെട്ട് വന്നിരുന്ന മൂവാറ്റുപുഴയാര്‍ കടുത്ത മലിനീകരണത്തിലേയ്ക്കാണ് നീങ്ങുന്നത്. പതിനായിരങ്ങള്‍ക്ക് കുടിവെള്ളം അടക്കം ലഭ്യമാക്കുന്നതിന് ഈ പുഴയിലെ ജലമാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ പുഴ മലിനം ആക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നഗരസഭ പ്രത്യേക സ്ക്വാഡിന് രൂപംനല്കാന് തീരുമാനിച്ചതായി ചെയര്മാന് പി.പി. എല്‍ദോസ് പറഞ്ഞു.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ജനകീയ പങ്കാളിത്തത്തോടെ പ്രത്യേക വിഭാഗം രാപകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കും. സന്നദ്ധ, യുവജന, സാംസ്കാരിക സംഘടന പ്രവര്‍ത്തകരെയും നഗരസഭ ഉദ്യോഗസ്ഥരേയും ബഹുജനങ്ങളെയും ഉള്‍പ്പെടുത്തിയാകും ഇതിനായി സംഘം രൂപീകരിക്കും. മാലിന്യ മുക്ത മൂവാറ്റുപുഴ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വിപുലമായ പദ്ധതിക്കള്‍ക്കാണ് ശില്പശാല രൂപംനല്‍കിയിരിക്കുന്നത്.
മൂവാറ്റുപുഴ ആറിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നവര്‍ക്ക് എതിരെയും സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പ്രധാന ഓടയിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന വിധത്തില്‍ കുഴലുകളും മറ്റും സ്ഥാപിച്ചിരിക്കുന്നവര്‍ക്ക് എതിരെയും ശക്തമായ നടപടിയെടുക്കും.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിച്ച് കണ്ടെത്തി നോട്ടീസ് നല്‍കും. നോട്ടീസ് ലഭിക്കുന്നവര്‍ സ്വമേധയാ ഇവ നീക്കം ചെയ്തില്ലെങ്കില്‍ നഗരസഭ ആരോഗ്യ, എന്‍ജിനീയര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നീക്കം ചെയ്യുകയും ബന്ധപ്പെട്ടവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.എം. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ നിസ അഷറഫ്, പ്രമീള ഗിരീഷ്കുമാര്‍, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആര്. രാകേഷ്, കൗണ്‍സിലര്‍മാര്‍,നഗരസഭ സെക്രട്ടറി ആരിഫ് മുഹമ്മദ് ഖാന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പി. ശാലിനി, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ. നൗഷാദ്, കില ആര്.പി.ഒ. മാരായ ഇബ്രാഹിം, റെജീന തുടങ്ങിയവര്‍ പ്രസംഗിച്ചു.


