തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കരുതെന്ന് പ്രോക്യൂഷന്‍ കോടതിയില്‍.
തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
പോലീസിനെ ആക്രമിക്കുന്നതിനുള്പ്പെടെ നേതൃത്വം കൊടുത്തത് രാഹുലാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ രാഹുലിനെതിരെയുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്ന് പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു. തലസ്ഥാനത്ത് നടന്നത് അക്രമമല്ല, യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സമരം മാത്രമായിരുന്നെന്നും രാഹുലിന്റെ അഭിഭാഷകന് വാദിച്ചു.
രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അല്പസമയത്തിനകം കോടതി വിധി പറയും.
സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ നിലവില്‍ റിമാൻഡില്‍ കഴിയുന്നത്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍.


