സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വിഎം രാജീവന്റെ പേരിലുള്ള സംഭാഷണമാണ് പാര്‍ട്ടിയെ വെട്ടിലാക്കി പുറത്തു വന്നിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിയുടെയും മറ്റൊരാളുടെയും വീടുകള്‍ ക്വാറിക്കാര്‍ക്ക് കൈമാറുന്നതിനും നിലവിലുള്ള പരാതികള്‍ പിന്‍വലിക്കുന്നതിനുമാണ് രണ്ട് കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്.
13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മറ്റിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തനിയ്ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ചര്‍ച്ചകള്‍ ഉയരുന്ന ഘട്ടത്തിലെല്ലാം വിവരങ്ങള്‍ ക്വാറി ഉടമയെ അറിയിച്ചിരുന്നതായും സംഭാഷണത്തില്‍ പറയുന്നു. അന്ന് ക്വാറി കമ്പനി ഇടപെടാതിരുന്നതിനാലാണ് പാര്‍ട്ടി വിജിലന്‍സിന് പരാതി നല്‍കിയതെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. കൂടാതെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ക്വാറി നടത്തിപ്പിന് ഒരു പ്രയാസവും ഉണ്ടാകില്ലന്നും സംഭാഷണത്തിലുണ്ട്.
പാര്‍ട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് വിളിച്ചപ്പോള്‍ ക്വാറിയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിയ്ക്കാന്‍ താന്‍ ഒഴിഞ്ഞു മാറിയെന്നും ഇത് ഉദ്യോഗസ്ഥരില്‍ സംശയം സൃഷ്ടിച്ചിരുന്നുവെന്ന് സംഭാഷണത്തില്‍ പറയുന്നു. വീടുകള്‍ക്ക് ഒരു കോടി വില വരില്ലെന്ന് ക്വാറി കമ്പനിയുടെ പ്രതിനിധി പറയുമ്പോള്‍ ഇതും സമ്മതിയ്ക്കുന്നുണ്ട്. തുകയുടെ കാര്യത്തില്‍ തീരുമാനമായാല്‍ ക്വാറിയ്ക്കെതിരെ സംഘടിപ്പിച്ച എല്ലാ തെളിവുകളും കൈമാറുമെന്ന് ഉറപ്പ് നല്‍കുന്നതും സംഭാക്ഷണത്തില്‍ കേള്‍ക്കാം.


