ട്രെയിനില്‍ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തെന്ന കേസില്‍ വനിതാ ഡോക്ടര്‍ക്ക് ജാമ്യം. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ ബെറ്റിയ്ക്കാണ് ജാമ്യം ലഭിച്ചത്. കൊല്ലം റെയില്‍വേ പോലീസാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്.
ട്രെയിന്‍ യാത്രയ്ക്കിടെ ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചതിനെ ചൊല്ലി സഹയാത്രികയോട് ചൂടായ വനിതാ ഡോക്ടര്‍, വിവരമറിഞ്ഞെത്തിയ പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി.എസ്. ബെറ്റിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസില്‍ ശാസ്താംകോട്ടക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം. കമ്പാര്‍ട്ട്മെന്റില്‍ ഒപ്പം സഞ്ചരിച്ചിരുന്ന സഹയാത്രികരില്‍ ഒരാള്‍ ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്തു. ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് സഹിക്കാന്‍ പറ്റുന്നില്ലെന്ന് ബെറ്റി പറഞ്ഞപ്പോള്‍, സഹിക്കാന്‍ പറ്റാത്തവര്‍ കാറില്‍ യാത്രചെയ്തോളൂ എന്നായിരുന്നു മുന്‍സീറ്റ് യാത്രക്കാരന്റെ മറുപടി. പിന്നാലെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ സഹയാത്രികര്‍ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കമ്പാര്‍ട്ട്മെന്റിലെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍ പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതെന്നാണ് റെയില്‍വേ പോലീസിന്റെ വിശദീകരണം.
പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ഡോക്ടര്‍ ഫോണ്‍ ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ബെറ്റിയെ കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും കേസെടുത്ത ബെറ്റിയെ ഭര്‍ത്താവിന്റെയും സഹോദരന്റെയും ജാമ്യത്തില്‍ വിട്ടയച്ചു.
അതേസമയം, തനിക്കേതിരെയുള്ള ആരോപണങ്ങളെല്ലാം ഡോ. ബെറ്റി നിഷേധിച്ചു. ഡോക്ടറാണെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസോ സഹയാത്രികരോ ഇത് മാനിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. സംഭവങ്ങളെല്ലാം താനും എതിര്‍കക്ഷികളും ഫോണില്‍ ചിത്രീകരിച്ചിരുന്നു. റെയില്‍വേ പോലീസുകാര്‍ തന്റെ മൊബൈല്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ പിടിവലിയുണ്ടായി. ഇതിനിടെയാണ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പുറത്തേക്ക് പോയത്.
നഷ്ടം സംഭവിച്ച പോലീസുകാരന് പുതിയ ഫോണ്‍ വാങ്ങിനല്‍കാമെന്നും ഡോക്ടര്‍ പറഞ്ഞു. നിലവില്‍ തനിക്കെതിരായ ആരോപണങ്ങളും വാര്‍ത്തകളുമാണ് പ്രചരിക്കുന്നത്. എന്നാല്‍ അതല്ല യഥാര്‍ഥ്യം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും ഡോക്ടര്‍ പറഞ്ഞു.


