ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കൂടുതല്‍ കൂട്ടിച്ചേര്‍ക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഈ മാസം 23നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കേന്ദ്രത്തിന് എതിരായ വിമര്‍ശനങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കുമോ എന്ന് വ്യക്തമല്ല. വെള്ളക്കരം കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി നല്‍കിയതോടെ ഇക്കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ആണ് നീക്കം.
നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ച രണ്ട് ദിവസമാക്കി ചുരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 26ന് റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ പോകേണ്ടതിനാല്‍ 25ന് ഒരു ദിവസം മാത്രമായി നിയമസഭ ചേരേണ്ട എന്നാണ് പൊതുഅഭിപ്രായം. ഈ സാഹചര്യത്തില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ കൂടുതല്‍ സമയം എടുത്ത് നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് ധാരണ. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.


