പാലക്കാട് ധോണിയില്‍ പിടി 7 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില് തകര്‍ത്തു. ഭീതി പരത്തി ഏറെ നേരം ജനവാസ മേഖലയില്‍ തുടര്‍ന്നു. പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടക്കം ആനയെ കാടുകയറ്റി.പി ടി 7 കാട്ടാനയെ പിടികൂടാനുള്ള ദൗത്യസംഘം ഇന്ന് ധോണിയിലെത്തും. രാത്രി ഒരു മണിയോടെ നാട്ടിലിറങ്ങിയ ഒറ്റയാന് മൂന്ന് മണിക്കൂര്‍ നേരം കഴിഞ്ഞാണ് പിന്‍വാങ്ങിയത്.
വെള്ളി, ശനി ദിവസങ്ങളിലൊന്നില്‍ മയക്കുവെടി വയ്ക്കാനാണ് നിലവിലുള്ള ഒരുക്കം. കൂട് നിര്‍മാണം ഇതിനോടകം പൂര്‍ത്തിയാക്കുകയും, ഫിറ്റ്നസ് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടില്‍ നിന്നെത്തിച്ച കുംകികളെ ഉപയോഗിച്ചുള്ള പട്രോളിങ്ങും സ്ഥിരമായി തുടരുന്നുണ്ട്. ഇടവേളകളില്ലാതെ, പിടി സെവന് ജനവാസ മേഖലയില്‍ ഇറങ്ങുകയാണ്.
പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ആനയെ കാട്ടിലേക്ക് കയറ്റിയത്. രാത്രി പി ടി 7 ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാകുകയാണ്.
നടപടികള്‍ വൈകിയാല്‍ തിങ്കളാഴ്ച മുതല്‍ ജനകീയ പ്രക്ഷോഭം നടത്താനാണ് ധോണിയിലെ ജനങ്ങളുടെ തീരുമാനം. നേരത്തെ, ജനുവരി നാലിന് എത്തിയ സംഘം, വയനാട്ടിലെ വിവിധ ദൗത്യങ്ങള്‍ക്കായി മടങ്ങുകയായിരുന്നു. ഡോ.അരുണ്‍ സക്കറിയ കൂടി, ധോണി ക്യാമ്പിലെത്തിയാല്‍, പിടി സെവനെ പിടിക്കുന്നതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കും.


