പത്തനംതിട്ട: ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി ആചരിച്ചു വരുന്നതും പ്രകൃതി സംരക്ഷണ പൂജകളില്‍ ഒഴിച്ച് കൂടാനാകാത്തതുമായ അപൂര്‍വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം ) ഈ മാസം 21 നു നിറഞ്ഞാടും.
വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന പ്രകൃതി സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, വൃക്ഷ സംരക്ഷണ പൂജ, സമുദ്ര പൂജ,കളരി പൂജ,41 തൃപ്പടി പൂജ,999 മലഊട്ട് പൂജ, മല വില്ല് പൂജ, മലക്കൊടി ഊട്ട് പൂജ,വാനര ഊട്ട്, മീനൂട്ട്,ആദ്യ ഉരു മണിയന് പൂജ, ആശാന് പൂജ,പിതൃ പൂജ, പര്‍ണ്ണശാല പൂജ, മകര വാവൂട്ട് പൂജ, സന്ധ്യാ വന്ദനം, ദീപ നമസ്ക്കാരത്തോടെ,ആഴിപൂജ, വെള്ളം കുടി നിവേദ്യം , കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി, കമ്പ് കളി, പാട്ടും കളികളും ആഴി സമര്‍പ്പണം എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടക്കും.
ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മല നടകള്‍ക്കും കരകള്‍ക്കും കിഴക്ക് ഉദി മലയ്ക്കും പടിഞ്ഞാറ് തിരുവാര് കടലിനും മേലോകത്തിനും പാതാളത്തിനും വടക്കനാദികള്ക്കും,തെക്കനാദികള്ക്കും പന്തളം 18 കര, തട്ട 8 കര ,കോന്നി 300 കര, അരുവാപ്പുലം 500 കരകളുടെ നന്മക്കുവേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച് വിളിച്ചുചൊല്ലും.
പരമ്പു നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി പുന്നയില നാക്ക് നീട്ടിയിട്ട് 101 നിലവിളക്ക് തെളിച്ച് കാട്ടു വിഭവങ്ങളായ നൂറകന്‍, മാന്തല്‍, മടിക്കിഴങ്ങ്, ചെക്കറ്, കാട്ടു കാവല്‍, കാട്ട് ചേന, കൊത്തയം എന്നിവയും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്ത്. കരിക്ക്, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്പ്, പനം പൊടി, ചണ്ണയ്ക്കാ പൊടി, കൂവപ്പൊടി എന്നിവ ചേര്‍ത്തു വച്ച് കളരി പൂജ സമര്‍പ്പിക്കും.
കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച് അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യംകലശമായി തളിക്കും. 999 മലകളെ വിളിച്ചുണര്‍ത്തി കല്ലും മുളം കാലുകള്‍, പച്ചിരുമ്പ് , ഉണക്കപ്പാള, ഉണക്കക്കമ്പ് ചേര്‍ത്ത് ഈണത്തിലും താളത്തിലും പ്രകൃതിയെ ഉണര്‍ത്തിച്ച് കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി, ഭാരതക്കളി, കമ്പ്കളി, പാട്ടും കളികളും ഏഴര വെളുപ്പിനെ വരെ നടക്കും.
ജനുവരി 21-ന് ഏഴരവെളുപ്പിനെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ,സമുദ്ര പൂജ , രാവിലെ 8.30 വാനരപൂജ, വാനരഊട്ട്, മീനൂട്ട്,ആനയൂട്ട് , പ്രഭാതപൂജ, ഒന്‍പത് മണിക്ക് നിത്യഅന്നദാനം,വൈകീട്ട് 6.30 നു ദീപ നമസ്കാരം , സന്ധ്യാ വന്ദനം രാത്രി 8 മണി മുതല്‍ 41 തൃപ്പടി പൂജ , കളരിപൂജ ,ആഴിസമര്‍പ്പണം ,ആഴിപൂജ, വെള്ളംകുടി നിവേദ്യം, ഭാരതക്കളി,തലയാട്ടം കളി , ചരിത്ര പുരാതനമായ കുംഭപ്പാട്ട് എന്നിവ നടക്കും എന്ന് കാവ് പ്രസിഡണ്ട് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു.


