മൂവാറ്റുപുഴ: എസ്എന്‍ഡിപി ഹൈസ്കൂള്‍ 1971 – 72 എസ് എസ് എല്‍ സി ബാച്ചിന്റെ അമ്പതാം വാര്‍ഷികം ‘ഓര്‍മ്മച്ചെപ്പ്’ എന്ന പേരില്‍ സംഘടിപ്പിച്ചപ്പോള്‍ ഒരിക്കല്‍ കൂടി പഴയകാല അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളിലേക്ക് മടങ്ങിയെത്തി. ജീവിതത്തിന്റെ പല കോണുകളിലും എത്തിയവര്‍ പഴയ കൂട്ടുകാരെയും അധ്യാപകരെയും കാണാനാണ് കലാലയത്തില്‍ ഒന്നിച്ചു കൂടിയത്. എസ്.എന്‍ ബി എഡ് കോളേജ് ഓഡിറ്റോറിയത്തില്‍ നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് പി ഏ സുബൈര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, രക്ഷാധികാരി ജസ്റ്റിസ് വി കെ മോഹനന്, എസ് എന്‍ ഡി പി യൂണിയന് പ്രസിഡന്റ് വി കെ നാരായണന് എസ് എന്‍ ഡി പി ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് വി എസ് ധന്യ, കെ ഘോഷ്, പ്രതാപചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ‘മാനസിക ആരോഗ്യം – ഒരു തുറന്ന സംവാദം’ എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രിക് വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ മോഹനന് റോയ് പ്രഭാഷണം നടത്തി.
കോഴിക്കോട് നടന്ന 63 മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒപ്പന, ഉറുദു സംഘഗാനം, വഞ്ചിപ്പാട്ട് എന്നീ വിഭാഗങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. മണ്മറഞ്ഞവര്ക്ക് വി എം മുഹമ്മദ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. റിട്ടേര്‍ഡ് ജസ്റ്റിസ് വി കെ മോഹന്റെ മകള്‍ ഡോ: ചാന്ദ്നിയുടെ സ്മരണാര്‍ത്ഥം ഏ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി. സമ്മേളനത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ സമ്മാനാര്‍ഹമായ പരിപാടികള്‍ അവതരിപ്പിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ എസ് എസ് എല്‍ സി ഫോട്ടോയും നിലവിലെ ഫോട്ടോയും ആലേഖനം ചെയ്ത മെമെന്റോയും സംഗമത്തില്‍ വിതരണം ചെയ്തു.


