ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. അജയ് റായിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
അപകീര്‍ത്തിപ്പെടുത്തല്‍, ലൈംഗീകച്ചുവയോടെ സംസാരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. യുപി റോബര്‍ട്ട്സ്ഗഞ്ച് പൊലീസാണ് കേസെടുത്തത്. അജയ് റായിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
നേരത്തെ അജയ് റായ്ക്ക് വനിതാ കമ്മീഷനും നോട്ടീസ് അയച്ചിരുന്നു. അജയ് റായ് നേരിട്ട് ഹാജരാവണമെന്നാണ് ദേശീയ വനിതാ കമ്മീഷന് ആവശ്യപ്പെട്ടത്. പരാമര്‍ശം അംഗീകരിക്കാനാവാത്തതാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടിയിരുന്നു. സ്മൃതി ഇറാനി അമേഠിയില്‍ എത്തുന്നത് ദുരുദ്ദേശത്തോടെയാണെന്നും നാട്യം കാണിക്കാനാണെന്നുമായിരുന്നു അജയ് റായിയുടെ പ്രസ്താവന.
അമേഠിയിലെ ഫാക്ടറികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതിലൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി ചില നാട്യങ്ങള്‍ കാണിക്കാനാണ് അമേഠിയില്‍ എത്തുന്നതെന്നായിരുന്നു വിമര്‍ശനം. ‘ലട്കയും ഝഡ്കയുമെന്ന് നൃത്തത്തിലെ ചില ചുവടുകളെ സൂചിപ്പിച്ച് കൊണ്ട് അജയ് പറഞ്ഞത്. പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടേത് സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളാണെന്നും പ്രയോഗം സ്മൃതി ഇറാനിയെ അപമാനിക്കുന്നതാണെന്നുമാണ് ബിജെപി വക്താവ് ഷഹദാദ് പുണെ വാല വിഷയത്തില്‍ പ്രതികരിച്ചത്.
അജയ് റായ് പ്രയോഗത്തില്‍ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറഞ്ഞ വാക്ക് അസഭ്യമല്ലെന്നും ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അജയ് റായി പ്രതികരിച്ചത്.


