കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സാഹചര്യതെളിവ് മാത്രമുള്ള കേസാണ് ഇതെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കോവളം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ക്കെതിരെ ചുമത്തിയ ബലാത്സംഗം, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. ആയൂര്‍വേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച് കൊലപെടുത്തുകയായിരുന്നു. പോത്തന്‍കോട്ടെ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികള്‍ ആളൊഴിഞ്ഞ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2018 മാര്‍ച്ച് 14ന് യുവതിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരി പൊലീസില്‍ പരാതി നല്കി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 37 ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചുകൊണ്ടായിരുന്നു അന്വേഷണം. കെട്ടിച്ചമച്ച കേസെന്ന പ്രതിഭാഗം വാദം കോടതി തള്ളി.


