മെഡിക്കല്‍ കോളജുകളിലെ ഇന്റേണ്‍ഷിപ്പിനു മാത്രം അംഗീകാരമെന്ന ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം സംസ്ഥാനത്തും പ്രാബല്യത്തില്‍ വന്നതോടെ പ്രതിസന്ധിയിലായി വിദേശത്ത് പഠനം പൂര്‍ത്തീകരിച്ച എംബിബിഎസുകാര്‍. ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ആയിരത്തോളം വരുന്ന വിദേശ മെഡിക്കല്‍ ബിരുദധാരികളുടെ ഇന്റേണ്‍ഷിപ്പിന് ഇതോടെ നിയമ സാധുത ഇല്ലാതാകും.
എന്‍എംസി നിര്‍ദേശം മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കാനുള്ള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ നീക്കത്തിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് ഇന്റേണ്‍ഷിപ്പ് തുടരുന്ന വിദേശ മെഡിക്കല്‍ ബിരുദധാരികള്‍.
വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ റജിസ്ട്രേഷന് ലഭിക്കണമെങ്കില്‍ മെഡിക്കല്‍ കൗണ്‍സിലിന് കീഴില്‍ കമ്പല്‍സറി റൊട്ടേറ്ററി മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് റഗുലേഷന്റെ പരിധിയിലുള്ള മെഡിക്കല്‍ കോളജുകളിലാകണം 12 മാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടത്. 2021 നവംബര്‍ 18ന് പുറത്തിറങ്ങിയ എന്‍എംസി ഉത്തരവ് ഒരു വര്‍ഷത്തിനിപ്പുറമാണ് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ നടപ്പാക്കാനൊരുങ്ങുന്നത്.
ഇത് പ്രതിസന്ധിയിലാക്കുന്നത് കഴിഞ്ഞ നവംബര്‍ മുതല്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന നൂറ് കണക്കിന് വിദേശ എംബിബിഎസ് ബിരുദധാരികളുടെ ഭാവിയെയാണ്.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠനത്തിനായി ചെലവഴിക്കേണ്ട തുകയുടെ പകുതി മതി യുക്രൈന്, ചൈന, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കാന്‍. എംബിബിഎസ് പൂര്‍ത്തിയാക്കി ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ എഫ്എംജി പരീക്ഷ സ്ക്രീനിങ് പരീക്ഷ കൂടി വിജയിച്ചാണ് ഇവര്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിനായി എത്തുന്നത്.


