ശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് സമാനമായ രീതിയില്‍ മറ്റൊരു കൊലപാതകത്തിന് കൂടി രാജ്യതലസ്ഥാനം സാക്ഷിയായത്. ശ്രദ്ധാ വാക്കര്‍ കൊലചെയ്യപ്പെട്ടതിന് സമാനമായ രീതിയിലാണ് 45കാരനെ രണ്ടാം ഭാര്യയും മകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. വെട്ടിനുറുക്കിയ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ദുര്‍ഗന്ധം പുറത്ത് അറിയാതിരിക്കാനായി മുറിയില്‍ പ്രതികള്‍ പെയിന്റടിക്കുകയും ചെയ്തു.
കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലെ താമസക്കാരനായ അഞ്ജന് ദാസാണ് കൊല്ലപ്പെട്ടത്. ഭാര്യ പൂനവും മകന് ദീപക്കും ചേര്‍ന്നാണ് അഞ്ജന് ദാസിനെ കൊലചെയ്തത്. ലിഫ്റ്റ് മാനായിരുന്നു അഞ്ജന് ദാസ്. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് കൊലപാതകം നടന്നത്. ജൂണില്‍ പാണ്ഡവ് നഗറില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അവശിഷ്ടങ്ങള്‍ അഴുകിയ നിലയിലായിരുന്നതിനാല്‍ അന്വേഷണം മുന്നോട്ട് പോയില്ല. ശ്രദ്ധാ കേസ് പുറത്ത് വന്നതോടെ ഈ മൃതേദഹാവശിഷ്ടങ്ങള് ശ്രദ്ധയുടേതാണോ എന്നറിയാന്‍ പരിശോധന നടത്തി.
പരിശോധനയില്‍ ഇത് ഒരു പുരുഷന്റേതാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പൂനവും ദീപക്കും പലതവണ ഇവിടെ വന്നുപോയതായി മനസിലാക്കി. അന്വേഷണത്തില്‍ ഇവരുടെ ഭര്‍ത്താവിനെ മാസങ്ങളായി കാണാനില്ലെന്ന് വ്യക്തമായി. പോലീസില്‍ പരാതി നല്‍കാതിരുന്നതും സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം ചുരുളഴിഞ്ഞത്.
അവിഹിത ബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉറക്ക ഗുളിക നല്കി മയക്കിയ ശേഷം പ്രതികള്‍ കൊലപാതകം നടത്തുകയായിരുന്നു. കഷ്ണങ്ങളാക്കി വെട്ടിമുറിച്ച മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പാണ്ഡവ് നഗറിലും പരിസര പ്രദേശങ്ങളിലുമായി ഉപേക്ഷിച്ചു. 6 ഇടങ്ങളില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവായിരുന്ന കല്ലു 2016ല്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് 2017ല്‍ പൂനം അഞ്ജന് ദാസിനെ വിവാഹം ചെയ്യുന്നത്. കല്ലുവിന്റെയും പൂനത്തിന്റെയും മകനാണ് ദീപക്.


