ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പത്മയുടെ മക്കളായ സേട്ട്, ശെല്‍വരാജ് സഹോദരി പളനിയമ്മ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. സംസ്കാരം തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ നടക്കും. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് കൈമാറുക.
ഇലന്തൂരില്‍ നരബലിയ്ക്ക് ഇരയായ പത്മയുടെ മകനടക്കമുള്ള ബന്ധുക്കള്‍ കൊലപാതകമറിഞ്ഞതിന് പിന്നാലെ കൊച്ചിയിലെത്തിയിരുന്നു. മൃതദേഹം വിട്ടു കിട്ടാന്‍ വൈകുന്നതിനെതിരെ ഇവര്‍ മുഖ്യമന്ത്രിക്കും പൊലീസിനും പരാതിയും നല്‍കിയിരുന്നു.
റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികള്‍. മുഹമ്മദ് ഷാഫി എന്ന റഷീദാണ് നരബലിയുടെ സൂത്രധാരന്‍. നരബലി നടക്കാന്‍ ദമ്പതികള്‍ക്ക് ഉപദേശം നല്‍കുകയും സ്ത്രീകളെ എത്തിച്ച് നല്‍കുകയും ചെയ്തത് സ്വദേശി മുഹമ്മദ് ഷാഫിയാണ്.
അതേസമയം കേസില്‍ കുറ്റപത്രം ഡിസംബര്‍ ആദ്യവാരം സമര്‍പ്പിക്കും. ഒക്ടോബര്‍ 12 നായിരുന്നു കേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് അതിവേഗ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കസ്റ്റഡിയില്‍ വാങ്ങി പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പ് നടത്തുന്നതും അന്വേഷണ സംഘം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കുകയും നവംബര്‍ 19 വരെ റിമാന്‍ഡില്‍ വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഒന്നാം പ്രതി ഷാഫിയെയും രണ്ടാം പ്രതി ഭഗവല്‍സിംഗിനെയും വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്കും മൂന്നാം പ്രതി ലൈലയെ കാക്കനാട് ജയിലിലേക്കുമാണ് മാറ്റിയത്.


