സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി പ്രകാരം തൃക്കാക്കര മണ്ഡലത്തില്‍ ഇതുവരെ ആരംഭിച്ചത് 394 സംരംഭങ്ങള്‍. ഇതുവഴി 1058 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന മണ്ഡലതല അവലോകന യോഗം ഉമാ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ വകുപ്പിന്റെ പദ്ധതി പ്രകാരം ചുരുങ്ങിയ കാലയളവില്‍ മികച്ച നേട്ടമാണ് തൃക്കാക്കര മണ്ഡലം കൈവരിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് 841 സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തിന്റെ ഇരട്ടി നേടാന്‍ തൃക്കാക്കരയ്ക്ക് കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു.
പല സംരംഭകര്‍ക്കും തടസമായി വരുന്നത് ബാങ്കുകള്‍ തീര്‍ക്കുന്ന പ്രതിസന്ധികളാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നവര്‍ക്ക് എത്രയും പെട്ടെന്ന് രേഖകള്‍ ശരിയാക്കി നല്‍കണമെന്ന് ബാങ്ക് പ്രതിനിധികളോട് എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. കൂടാതെ സംരംഭങ്ങള്‍ക്ക് വിപണന സാധ്യതകളെ കുറിച്ചുള്ള അവബോധം വ്യവസായ വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്കുകള്‍ വഴി നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യോഗത്തില്‍ മുഖ്യാഥിതി ആയി. വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ വളരെ ഊര്ജിതമായാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ബാങ്കുകള്‍ ഈ പദ്ധതിയുടെ നെടും തൂണായി പ്രവര്‍ത്തിക്കുന്നു. ലക്ഷ്യം കൈവരിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോള്‍ 46.84% സംരംഭങ്ങള്‍ മണ്ഡലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 28.68 കോടി രൂപയുടെ നിക്ഷേപം നടന്നു. തൃക്കാക്കര നഗരസഭയില്‍ 197 സംരംഭങ്ങളും കൊച്ചി കോര്‍പറേഷനില്‍ 197 സംരംഭങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്, വൈസ് ചെയര്മാന് കെ.കെ ഇബ്രാഹീം കുട്ടി, വ്യവസായ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സജീന അക്ബര്‍, കണയന്നൂര്‍ താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ പി.നമിത, തൃക്കാക്കര നഗരസഭ വ്യവസായ വികസന ഓഫിസര്‍ കെ.കെ ദീപ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍, നിക്ഷേപകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


