പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം. സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. പിഎഫ്ഐ ബന്ധമുള്ള മറ്റ് സംഘടനകളും നിരീക്ഷണത്തിലാണ്.
ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. നഗരത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ കനത്ത ജാഗ്രതയിലാണ് ഡല്‍ഹി പൊലീസ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി.
അഞ്ച് സംസ്ഥാനങ്ങളിലെ പിഎഫ്ഐ സ്വാധീനമുള്ള മേഖലയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. പിഎഫ്ഐ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. തുടര്‍ നടപടികള്‍ക്കായി മഹാരാഷ്ട്ര ഉത്തരവിറക്കി. യുഎപിഎ സെക്ഷന്‍ 42 അനുസരിച്ച് നടപടിയെടുക്കാനാണ് ഉത്തരവ്. കളക്ടര്‍മാര്‍ക്കും പൊലീസ് കമ്മീഷ്ണര്‍ക്കും നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനും അതിന്റെ അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി, ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു, ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തി, വിദേശ ഫണ്ട് സ്വീകരിച്ചു ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ച് വര്‍ഷത്തേക്കാണ് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചത്.


