തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം കാരക്കോണത്ത് ഗ്രേഡ് എസ്ഐയേയും സിപിഒയെയും ആക്രമിച്ചു. പതിനൊന്ന് പേര്‍ക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്, ഡ്രൈവര്‍ സിപിഒ അരുണ്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വെള്ളറട സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്. സ്ഥലത്ത് നിന്ന് അക്രമസംഘത്തില്‍പ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെയായിരുന്നു ആക്രമണം. കസ്റ്റഡിയിലെടുത്തവരുടെ ഒപ്പമുണ്ടായിരുന്നവരാണ് പൊലീസുകാരെ ആക്രമിച്ചത്.
പൊലീസുകാരുടെ ലാത്തി തകര്‍ത്ത അക്രമികള്‍ യൂണിഫോം വലിച്ചു കീറുകയും ചെയ്തു. അക്രമത്തിന് ഇരയായ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കാരക്കോണത്ത് നടന്ന ഓണാഘോഷത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വെള്ളറട പൊലീസ് സ്ഥലത്ത് എത്തിയത്. അക്രമ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ പൊലീസ് ജീപ്പിലേക്ക് കേറ്റുന്നതിനിടെ ആക്രമണം നടക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട പതിനൊന്ന് പേരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


