ആര്‍ത്തവം, മെന്‍സ്ട്രുവല്‍ കപ്പ്, വ്യക്തിശുചിത്വം തുടങ്ങി പൊതുവെ പറയാന്‍ മടിക്കുന്ന വാക്കുകളെ പറ്റിയുളള ചര്‍ച്ചാ വേദിയായിരുന്നു വ്യാഴാഴ്ച കൊച്ചി മെട്രോ ട്രെയിന്‍. ആര്‍ത്തവവും അറുപതും എന്ന വിഷയത്തിലായിരുന്നു ഓടുന്ന മെട്രോ ട്രെയിനില്‍ വേറിട്ട ചര്‍ച്ചയ്ക്ക് വേദി ഒരുങ്ങിയത്. ഹൈബി ഈഡന് എം.പി മുന്‍കൈയെടുത്ത് നടത്തുന്ന കപ്പ് ഓഫ് ലൈഫ് ക്യാംപയിനിന്റെ ഭാഗമായാണ് ചര്‍ച്ച സംഘടിപ്പിച്ചത്.
ഹൈബി ഈഡന് എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മെന്‍സ്ട്രുവല്‍ കപ്പുകളുടെ ഉപയോഗത്തിന് കൂടുതല്‍ പ്രചാരണം നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു എല്ലാവരും സംസാരിച്ചത്. പുരുഷന്മാര്ക്കാണ് ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമുള്ളതെന്ന് ഹൈബി ഈഡന് എം.പി പറഞ്ഞു. അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും. ആര്‍ത്തവമെന്നത് മറച്ചു വയ്ക്കേണ്ട മോശം കാര്യമല്ലെന്നും അതിനെ കുറിച്ച് എല്ലാവരും തുറന്നു സംസാരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാനിറ്ററി നാപ്കിനുകള്‍ക്ക് പകരം വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്ന കപ്പുകളിലേക്ക് മാറുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. വ്യക്തിശുചിത്വം ഉറപ്പാക്കുന്നതിന് പുറമേ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലുണ്ടാക്കുന്ന സാമ്പത്തിക ലാഭം വലുതാണ്. ജോലിക്കാരായ സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാണ് മെന്‍സ്ട്രുവല്‍ കപ്പുകള്‍. അതേസമയം ഡോക്ടര്‍മാരും പ്രൊഫഷണലുകളും അടക്കമുള്ള വലിയൊരു വിഭാഗം ഇനിയും മടിച്ചു നില്ക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇതിനായി മുന്നോട്ട് വരുന്നുണ്ടെന്നും പാനലിസ്റ്റുകള്‍ പറഞ്ഞു.
അമ്മമാരാണ് പൊതുവെ മെന്‍സ്ട്രുവല്‍ കപ്പിനെ ആശങ്കയോടെ കാണുന്നതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. മാറ്റം കൊണ്ടുവരണമെങ്കില്‍ 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം നല്‍കണം. അതിനായി ആര്‍ത്തവം സംബന്ധിച്ച കാര്യങ്ങള്‍ വീടുകളില്‍ സംസാരിക്കാന്‍ കഴിയണം. സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ കഴിയുമെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
സെന്റ്.തെരേസാസ് കോളേജ് ഡീന്‍ ഡോ. നിര്‍മല പത്മനാഭന്, റോട്ടറി ക്ലബ് ഓഫ് കൊച്ചി മിലന് പ്രതിനിധി ഷഹീന നിസാര്‍, ഡബ്ള്യു.ഐ.സി.സി.ഐ പ്രതിനിധി ഷന സൂസന്, ഡെന്റല്‍ ഡോക്ടര്‍ അഷ്ന ഹനീഷ്, അഡ്വ. ടാനിയ ജോയ്, യുവ സംരംഭക നൗറീന് ഐഷ, ഐ.എം.എ കൊച്ചിന് പ്രസിഡന്റ് ഡോ. മേരി അനിത, ഡോ. ജുനൈദ് റഹ്മാന്, ഡോ. അഖില്‍ സേവ്യര്‍ മാനുവല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. മാധ്യമ പ്രവര്‍ത്തക ശ്രീജ ശ്യാം ചര്‍ച്ച നിയന്ത്രിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആലുവയില്‍ നിന്ന് പേട്ടയിലേക്ക് പുറപ്പെട്ട മെട്രോ ട്രെയിനിന്റെ അവസാന കോച്ചിലായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്. വളണ്ടിയര്‍മാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മറ്റു കോച്ചുകളിലെ യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നടത്തി. മെന്‍സ്ട്രുവല്‍ കപ്പുകളുടെ ഉപയോഗം പരമാവധി പേരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടം, ഐ.എം.എ കൊച്ചി ശാഖ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് കപ്പ് ഓഫ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ഒന്നരക്കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സ് സി.എസ്.ആര് ഫണ്ടില്‍ നിന്ന് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.