കോട്ടയത്ത് ചങ്ങനാശേരി ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാര്‍ക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തല്‍. സ്ഥിരം ക്രിമിനലായ അരുണ്‍ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് രഹസ്യാന്വേഷണത്തില്‍ വ്യക്തമായത്. നാല് പേര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ദക്ഷിണമേഖല ഐ.ജി പി.പ്രകാശ് നിര്‍ദേശിച്ചു.
കോട്ടയം ജില്ലയിലെ ഗുണ്ടാ പട്ടികയില്‍ പെട്ടയാളാണ് അരുണ്‍ ഗോപന്. കുഴല്‍പ്പണക്കടത്തും വധശ്രമവും ഉള്‍പ്പെടെ ഒട്ടേറെ കേസിലെ പ്രതി. ഇയാളുമായിട്ടാണ് ഒരു ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാര്‍ വഴിവിട്ട അടുപ്പം പുലര്‍ത്തിയത്. അരുണ്‍ ഗോപനെ ഹണിട്രാപ് കേസില്‍ അടുത്തിടെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്ന് രാത്രി ചങ്ങനാശേരി ഡിവൈ.എസ്.പി, തന്റെ അധികാര പരിധിയല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തുകയും സെല്ലില്‍ കഴിഞ്ഞിരുന്ന അരുണുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇക്കാര്യം കോട്ടയം എസ്.പി ഡി.ശില്പ ദക്ഷിണ മേഖല ഐ.ജി പി.പ്രകാശിനെ അറിയിച്ചതോടെ പ്രാഥമിക അന്വേഷണം തുടങ്ങി. ഇതോടെയാണ് പൊലീസ് ഗുണ്ടാബന്ധം വ്യക്തമായത്.
ഡിവൈ.എസ്.പി സ്റ്റേഷനിലെത്തിയത് താനുമായുള്ള ബന്ധം മറ്റ് പൊലീസുകാരോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്താനാണെന്നാണ് കണ്ടെത്തല്‍. ഒട്ടേറെ കേസില്‍ ഈ പൊലീസുകാര്‍ അരുണിനെയും ഗുണ്ടാ സംഘത്തെയും കൈക്കൂലി വാങ്ങി സഹായിച്ചിട്ടുണ്ടെന്നും പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയത്ത് സൈബര്‍ സെല്ലിലുള്ള ഒരു ഇന്‍സ്പെക്ടറും രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ് മറ്റ് ആരോപണ വിധേയര്‍. സി.ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തുടര്‍ അന്വേഷണത്തിന് പാലാ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും ഐ.ജി പി.പ്രകാശ് ശുപാര്‍ശയും നല്കി.


