നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. ഷഹന മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. സജാദ് ഷഹനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഷഹനയുടെ ഡയറി കുറിപ്പുകള്‍ ഇതിന് തെളിവാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞു.
മോഡല്‍ ഷഹാന ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയതായി രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകളാണ് പുറത്ത് വന്നത്. സജാദും കുടുംബവും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും ചെയതു. ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ബ്രഡ് മാത്രമാണ് കഴിക്കാന്‍ നല്‍കാറ്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും ഡയറിയിലുണ്ട്. സജാദിന്റെ വീട്ടില്‍ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയായിരുന്നു.
പിന്നീടായിരുന്നു ഷഹാനയും സജാദും വീട് മാറി താമസിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലഹരിക്കടിമയായ സജാദ് ദിവസവും ഷഹാനയെ മര്‍ദിക്കാറുണ്ടായിരുന്നു. മരണ ദിവസവും ഷഹാനയ്ക്ക് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
മെയ് 13ന് ഇരുപതാം പിറന്നാള്‍ ദിവസമാണ് ഷഹനയെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവര്‍ പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സജാദിന്റെ നിലവിളി കേട്ടാണ് അയല്‍ വാസികള്‍ ഇവരുടെ വീട്ടില്‍ എത്തിയത്. സജാദിന്റെ മടിയില്‍ ഷഹന അവശയായി കിടക്കുന്നതാണ് തങ്ങള്‍ കണ്ടതെന്ന് അയല്‍ വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഷഹന ജനലഴിയില്‍ തൂങ്ങി മരിച്ചതെന്നാണ് സജാദ് പറഞ്ഞത്. എന്നാല്‍ ഷഹനയെ സജാദിന്റെ മടിയില്‍ അവശ നിലയിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫുഡ് ഡെലിവറിയുടെ മറവില്‍ സജാദ് ലഹരി വില്പന നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സജാദിന്റെ ലഹരി മാഫിയ ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.


