എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികരിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഹീനമായ ഒരു നടപടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കുറച്ചു കാലമായി ബിജെപിയും കോണ്‍ഗ്രസും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ, സര്‍ക്കാരിനെതിരെ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയായിട്ട് തന്നെയാണ് ഇത് സംഭവിച്ചതെന്നു വേണം കണക്കാക്കാന്‍ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഇത് ബോധപൂര്‍വമായ ഒരു അട്ടിമറി ശ്രമമാണ്. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുര്‍ബലപ്പെടുത്തി രാഷ്ട്രീയാധികാരം പിടിക്കുന്നതിനുള്ള, കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഹീനമായ ഒരു നടപടിയാണിത്. ജനാധിപത്യ വിശ്വാസികള്‍, ഈ നാടിനെ സ്നേഹിക്കുന്നവര്‍ ഇതിനെ അപലപിക്കേണ്ടതാണ്.
ജനാധിപത്യപരമായ രീതിയിലുള്ള പ്രതിഷേധ ശബ്ദങ്ങള്‍ ഈ നാട്ടില്‍ എല്ലാ ഭാഗത്തും ഉയര്‍ന്നു വരേണ്ടതാണ്. കേരളത്തില്‍ കുറച്ചു കാലമായി ബിജെപിയും കോണ്‍ഗ്രസും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ, സര്‍ക്കാരിനെതിരെ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയായിട്ട് തന്നെയാണ് ഇത് സംഭവിച്ചതെന്നുവേണം കണക്കാക്കാന്‍.”- എകെ ശശീന്ദ്രന് പറഞ്ഞു.
എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറുണ്ടായി ആക്രമണത്തില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. എകെജി സെന്റര്‍ ആക്രമണത്തിനെതിരെ സിപിഐഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോട്ടയം കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു.
രാത്രി 11.30 ഓടെയാണ് എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കില്‍ എത്തിയ ഒരാള്‍ ഹാളിന് മുന്നിലെ ഗേറ്റില്‍ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്.
എകെജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷാ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. പ്രധാന പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷാ ഒരുക്കും. തലസ്ഥാനത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കാനും പൊലീസ് ആസ്ഥാനത്ത് നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.


