കൊച്ചി: മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന ആള് തന്നെ വന്ന് കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍, പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും, കുട്ടികള്‍ ഒറ്റയ്ക്കാവുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ് പറയുന്നു. ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മുഖ്യമന്ത്രിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്തുവന്നത്. രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഇന്ന് രാവിലെ പത്ത് മണിയോടെ പിന്‍വലിക്കണം. ഇത് പിന്‍വലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഷാജികിരണ് ആവശ്യപ്പെട്ടു. എന്നാല്‍ താനിതിന് തയ്യാറാകാതിരുന്നതോടെ, തന്നെ വളരെ രൂക്ഷമായ ഭാഷയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു. ഇയാള്‍ പറഞ്ഞതിന്റെ ഒരു ഭാഗം താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു.
സ്വപ്ന പറയുന്നത്:………….
കെ പി യോഹന്നാന്റെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരണ്‍ വന്നതെന്ന് ഹര്‍ജിയില്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു. കെ പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറാണ് ഇയാളെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ജൂണ്‍ എട്ടാം തീയതി, അതായത് ഇന്നലെയാണ് ഇയാള്‍ വന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെത്തിയത്. യുപി റജിസ്ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി കിരണ്‍ വന്നത്. യുപി – 41 ആര് 0500 എന്ന നമ്പറിലുള്ള കാറിലാണ് ഇയാളെത്തിയത് എന്നാണ് ഹര്‍ജിയില്‍ സ്വപ്ന ആരോപിക്കുന്നത്. എം ശിവശങ്കറാണ് തന്നെ ഇയാളെ ഇതിന് മുമ്പ് പരിചയപ്പെടുത്തിയത്. പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇവരുടെ ചില നിക്ഷേപങ്ങള്‍ ഇയാളാണ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താന്‍ വന്നതെന്നാണ് ഷാജി കിരണ്‍ പറഞ്ഞത്. മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഷാജി കിരണ്‍ തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിക്ക് എതിരായ മൊഴി അടിയന്തരമായി പിന്‍വലിക്കണം. മൊഴി പിന്‍വലിച്ച് പുതിയ വീഡിയോ ഇടാന്‍ നിങ്ങള്‍ക്ക് നാളെ രാവിലെ 10 മണി വരെയാണ് നിങ്ങള്‍ക്ക് സമയം തരുന്നതെന്ന് ഭീഷണിസ്വരത്തില്‍ ഇയാള്‍ തന്നോട് പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും, കേസില്‍ അറസ്റ്റിലാകുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറയുന്നു. ആര്‍എസ്എസ്സും ബിജെപിയും പറഞ്ഞതനുസരിച്ചാണ് താനിത് ചെയ്തതെന്നും പറഞ്ഞതൊന്നും സത്യമല്ലെന്ന് പറയണമെന്നും സ്വപ്നയോട് ഇയാള്‍ പറഞ്ഞുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പൊലീസ് പുതുതായി റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇക്കാര്യം അനുസരിച്ചില്ലെങ്കില്‍ ഉടനടി അറസ്റ്റ് ചെയ്യുമെന്നും, കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും, റിമാന്‍ഡിലാകും, പിന്നെ പത്ത് വയസ്സുള്ള കുട്ടികള്‍ ഒറ്റയ്ക്കാവുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു.


