കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വമ്പിച്ച മുന്നേറ്റത്തില്‍ ആഹ്ലാദ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്. ‘അപ്പോഴേ പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന്, ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്…’ എന്ന് കൈ കൊട്ടി പാട്ടു പാടുന്ന വീഡിയോയാണ് അന്ന ലിന്‍ഡ ഈഡന് ഫേസ്ബുക്കില്‍ പങ്കു വെച്ചിരിക്കുന്നത്.
‘കണ്ടം റെഡിയല്ലേ… റൈറ്റ് ഓക്കെ ഓടിക്കോ’ എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലുള്‍പ്പെടെ സജീവമായമായിരുന്നു അന്ന ലിന്‍ഡ ഈഡന്.
ഉമ തോമസിന്റെ മുന്നേറ്റം കോണ്‍ഗ്രസ് നേരത്തെ തന്നെ കണക്കുകൂട്ടിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. മുഴുവന്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം വിശദമായി പ്രതികരിക്കാമെന്നും വിഡി സതീശന് പറഞ്ഞു.’തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പി ടി തോമസിന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ഉമ തോമസിന് ലഭിക്കും എന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഇന്ന് രാവിലെ എന്നോട് ചോദിച്ചപ്പോഴും പറഞ്ഞത് ഇത് തന്നെയാണ്. വോട്ടെടുപ്പ് മൊത്തം കഴിയുമ്പോള്‍ നമുക്ക് വിലയിരുത്താം. എണ്ണിക്കഴിയട്ടെ എന്തെല്ലാം പറയാനുണ്ട്,’ വിഡി സതീശന് പറഞ്ഞു.
ഉമ തോമസിന്റെ വിജയമുറപ്പെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതിയെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.