സിപിഐഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ ടി.പി.ചന്ദ്രശേഖരന് വധത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുന്നു. പത്താം രക്തസാക്ഷി ദിനം വിപുലമായി ആചരിക്കുകയാണ് ആര്‍എംപിഐ.
2012 മേയ് 4, രാത്രി 10 മണി… സിപിഐഎം വിട്ട് റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരന് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. കോഴിക്കോട് വടകര വള്ളിക്കാട് വച്ചാണ് കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. വെട്ടേറ്റ 51 മുറിവുകളാണ് ടി.പി. ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത്.
ടി.പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഒഞ്ചിയത്തെ വീട്ടിലെത്തിയ വിഎസ് അച്യുതാനന്ദന്, ടിപിയെ ധീരനായ കമ്മ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ചാണ് രാഷ്ട്രീയ കൊലപാതകത്തോടുള്ള നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് അക്രമ രാഷ്ട്രീയത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞെന്നാണ് ആര്‍എംപിഐയുടെ പ്രതികരണം. ടിപിയുടെ വധത്തിന് ശേഷം ആര്‍എംപി ദേശീയ പാര്‍ട്ടിയായി മാറിയിരുന്നു. 2017ലായിരുന്നു ഇത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ആര്‍എംപിഐക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. സിപിഐഎമ്മിന്റെ കോട്ടയായിരുന്ന വടകര ലോക്സഭ മണ്ഡലം ആര്‍എംപിയുടെ രൂപീകരണത്തിന് ശേഷം ഇത് വരെ സിപിഐഎമ്മിന് സ്വന്തമാക്കാനായിട്ടില്ല. ഒഞ്ചിയം പഞ്ചായത്ത് തുടര്‍ച്ചയായി മൂന്നാം തവണയും ഭരിക്കുന്നു. ഏറാമല പഞ്ചായത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ പിടിച്ചെടുത്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ വിജയിച്ചു.
ഓര്‍ക്കാട്ടേരിയില്‍ ടിപി ഭവന് നിര്‍മ്മിച്ച് സ്വന്തം ആസ്ഥാന മന്ദിരമുണ്ടാക്കി. വള്ളിക്കാട് ടിപി സ്മൃതി കൂടീരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരികയാണ്. നാല് സഹകരണ സ്ഥാപനങ്ങളും ആര്‍എംപി നേതൃത്തിലുണ്ട്. ഒരു ചാരിറ്റബിള്‍ ട്രസ്റ്റും ടിപിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നു. വടകര മേഖലയില്‍ നിന്ന് മാറി കുന്നംകുളത്ത് മൂന്ന് കൗണ്‍സിലര്‍മാരും തളിക്കുളം പഞ്ചായത്തില്‍ രണ്ട് പഞ്ചായത്ത് അംഗങ്ങളും ആര്‍എംപിക്കുണ്ട്.


