തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന്റെ അറസ്റ്റ് പോലീസ് രേഖപെടുത്തി. ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിനെ തിരുവനന്തപുരം എ.ആര്.ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രയിലുടെനീളം നിരവധി സ്ഥലങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കലും പ്രതിഷേധങ്ങളും നടന്നു. പിസിയെ കണാന്‍ എത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരനേയും മറ്റു ബിജെപി നേതാക്കളേയും പൊലിസ് തടഞ്ഞു. ജോര്‍ജിനെതിരായ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വി.മുരളീധരന് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം കേന്ദ്ര മന്ത്രി മടങ്ങി.
തിരുവനന്തപുരം വട്ടപ്പാറയില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് പി.സി.ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചു. സ്വന്തം വാഹനത്തിലായിരുന്നു പി.സി.ജോര്‍ജ് യാത്ര ചെയ്തിരുന്നത്. പോലീസും മകന് ഷോണ്‍ ജോര്‍ജും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വട്ടപ്പാറയില്‍ ബി.ജെ.പി. പഠനശിബിരത്തില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി പി.സി.ജോര്‍ജുമായി വന്ന വാഹനവും പോലീസ് വാഹനവും തടഞ്ഞുനിര്‍ത്തുകയായിരുന്നു.
പി.സി.ജോര്‍ജിന്റെ വാഹനത്തിന് നേരെ നാലാഞ്ചിറയിലെത്തിയപ്പോള്‍ മുട്ടയേറ് ഉണ്ടായി. അവിടെ വെച്ച് തന്നെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവും നടത്തി.
ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് എ.ആര്.ക്യാമ്പിലേക്കെത്തിച്ചത്.
ജോര്‍ജിനെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതിന് പിന്നാലെ അദ്ദേഹത്തെ ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തത്. വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡി.ജി.പി.ക്ക് പരാതിനല്‍കിയിരുന്നു. 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് 295 എ വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്തു.


