പാലക്കാട്: സൈലന്റ് വാലിയില്‍ പടര്‍ന്ന കാട്ടുതീ മനുഷ്യ നിര്‍മ്മിതമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വെളിപ്പെടുത്തല്‍. സ്വാഭാവിക തീപിടുത്തമല്ല നടന്നിരിക്കുന്നത്. തീ കത്തിച്ചതാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. വനം വകുപ്പിനോടുള്ള വിദ്വേഷമാണോ ഇതിന് പിന്നിലെന്ന് അറിയില്ല. കുറ്റക്കാരെ അന്വേഷിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും വാര്ഡന് പറഞ്ഞു. ചൂട് കനത്തതോടെയാവാം പാലക്കാട് ബഫര്‍ സോണില്‍ തീ കത്തി പടര്‍ന്നത് എന്നായിരുന്നു നേരത്തെ പറഞ്ഞത്.
സൈലന്റ് വാലിയിലെ കരുതല്‍ മേഖലയില്‍ ഉള്‍പ്പെട്ട തത്തേങ്ങലം മലവാരത്തോട് ചേര്‍ന്ന പുല്‍മേടുകളിലായിരുന്നു തീ പടര്‍ന്നത്. കാട്ടുതീ തുടങ്ങി നാലു ദിവസമായിട്ടും തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിരുന്നില്ല. വാളയാര്‍ അട്ടപ്പള്ളത്ത് മലയുടെ താഴ്ഭാഗത്ത് നിന്നും കത്തിത്തുടങ്ങിയ തീ മലമുകളിലേക്ക് പടരുകയായിരുന്നു.
തുടര്‍ന്ന് പുല് മേടുകളിലേക്ക് പടര്‍ന്ന തീ ആളിപ്പടരുകയായിരുന്നു. ചെങ്കുത്തായ മേഖലയായതിനാല്‍ ഫയര്‍ഫോഴ്സിനു പോലും മല മുകളിലെത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. നാട്ടുകാരുടെയും എന്‍ജിഒകളുടെയും സഹായത്തോടെയാണ് വനംവകുപ്പ് ഇവിടെ തീയണയ്ക്കാന്‍ ശ്രമിക്കുന്നത്.
വലിയ രീതിയിലുള്ള ചൂടായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പാലക്കാട് ജില്ലയില്‍ അനുഭവപ്പെട്ടത്. 41 ഡിഗ്രി വരെ ചൂട് ജില്ലയുടെ ചില മേഖലകളില്‍ രേഖപ്പെടുത്തിയിരുന്നു. വേനല്‍ചൂട് കനത്തതോടെയാവാം പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളില്‍ കാട്ടുതീ പടര്‍ന്നത് എന്നതായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കാട്ടു തീ സ്വാഭാവികമായി ഉണ്ടായതല്ലെന്നാണ് വൈല്‍ഡ് ലൈഫ് വാര്ഡന് വെളിപ്പെടുത്തിയിരിക്കുന്നത്.


