ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ വിധിയില്‍ തിരിച്ചടിയായത് പ്രോസിക്യൂഷന് വീഴ്ചകള്‍. സാക്ഷിമൊഴികള്‍ക്ക് അടിസ്ഥാനമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 39 സാക്ഷികള്‍ അനുകൂല നിലപാട് എടുത്തെങ്കിലും രേഖകളുടെ പിന്‍ബലമുണ്ടായില്ല.
ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങള്‍ അയച്ചു എന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തത് വീഴ്ചയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി സ്ഥിരതയില്ലാത്തതാണെന്നും പരാതിക്കാരി സത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. ബിഷപ്പിന്റെ ശല്യം കൊണ്ടാണ് സിം കാര്‍ഡ് അടക്കം ഫോണ്‍ ഉപേക്ഷിച്ചതെന്നാണ് മൊഴി.
ഇക്കാര്യത്തില്‍ വിശ്വാസ യോഗ്യമായ അന്വേഷണം പൊലീസില്‍ നിന്ന് ഉണ്ടായില്ല. കന്യാസ്ത്രിയുടെ ലാപ്ടോപ് കസ്റ്റഡിയില്‍ എടുത്ത് പരിശോധിക്കുന്നതിലും വീഴ്ച പറ്റി. ലാപ്ടോപ്പിലെ വിവരങ്ങള്‍ പൊലീസ് നേരത്തെ തന്നെ ശേഖരിക്കേണ്ടതായിരുന്നു. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇതിലൂടെ പ്രോസിക്യൂഷന് പരാജയപ്പെട്ടു.
അതേസമയം വിധിയില്‍ പൊലീസ് പ്രോസിക്യൂഷനോട് നിയമോപദേശം തേടും. അപ്പീല്‍ നല്‍കുന്നതിന്റെ മുന്നോടിയായാണ് നിയമോപദേശം തേടുന്നത്.


