കേരളത്തിലെ ദത്ത് വിവാദത്തില്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും അവസാനിച്ചിട്ടില്ല. ദത്ത് വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. കുഞ്ഞിന്റെ അമ്മയായ അനുപമ അറിയാതെ കുഞ്ഞിനെ മാതാപിതാക്കള്‍ ദത്ത് നല്‍കുകയായിരുന്നു. കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഈ കേസിലെ വാദിയും പ്രതിയും.
പലരും അനുപമയെ പിന്തുണച്ചുകൊണ്ട് എത്തുമ്പോഴും അനുപമയുടെ മാതാപിതാക്കള്‍ ചെയ്തതിലെ തെറ്റ് എന്താണ് എന്ന് ചോദിക്കുന്നവരും കുറവല്ല. അത്തരത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്.
ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.’- സജി ചെറിയാന് പറഞ്ഞു.
ദത്ത് വിഷയത്തില്‍ അനുപമയെയും ഭര്‍ത്താവ് അജിത്തിനെയും രൂക്ഷമായ ഭാഷയിലാണ് സജി ചെറിയാന് വിമര്‍ശിച്ചത്. അജിത്തിന്റെ മുന്‍കാല ജീവിതമാണ് വിമര്‍ശനത്തിന് കാരണവും.
എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിന് തിരച്ചടി ആയിരിക്കുകയാണ്. ഒരു അച്ഛന് എന്ന നിലയിലാണ് സജി ചെറിയാന് ഇക്കാര്യം പറഞ്ഞതെങ്കിലും അദ്ദേഹം സംസ്ഥാനം ഭരിക്കുന്ന മന്ത്രി കൂടിയാണ്. സംസ്ഥാന സര്‍ക്കാര്‍ അനുപമയ്ക്കും കുഞ്ഞിനും പൂര്‍ണ പിന്തുണ അറിയിച്ചിരിക്കുന്ന സാഹചര്യത്തിലുള്ള മന്ത്രിയുടെ പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനെ കൂ2ുതല്‍ പ്രതിരോധത്തിലാക്കും.
ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകരായിരുന്നു അനുപമയും അജിത്തും. പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റ് മീറ്റിങ്ങുകളിലും വെച്ചുള്ള പരിചയമാണ് ഇരുവരെയും തമ്മില്‍ അടുപ്പിച്ചതും ഒരു കുഞ്ഞിന്റെ രക്ഷിതാക്കളാക്കിയതും. ഈ സാഹചര്യത്തില്‍ കോളേജുകളില്‍ എസ്എഫ്ഐ മുന്നോട്ട് വയ്ക്കുന്ന ലൈംഗിക സ്വാതന്ത്ര്യം എന്ന ആശയവും ചര്‍ച്ച ചെയ്യപ്പെടുകയാണ്.