മൂവാറ്റുപുഴ: ഒരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസും കൃഷിയ്ക്ക് ആശ്രയവുമായ മുളവൂര്‍ തോട് മാലിന്യ വാഹിനിയാകുന്നു. മാലിന്യം പേറി തോട് നാശത്തിന്റെ വക്കിലാണ്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും അനധികൃത തോട് കയ്യേറ്റത്തിനെതിരെയും നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴും അറവു മാലിന്യങ്ങളും, പ്ലാസ്സിക് മാലിന്യം അടക്കമുള്ള വേസ്റ്റുകളും ഒഴുകി എത്തിയതോടെ തോട് മാലിന്യ വാഹിനിയായി മാറി.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ തോടിന്റെ ചെക്ക് ഡാമുകള്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിക്ഷേധ മുയരുമ്പോള്മാലിന്യ നിക്ഷേപത്തിന് അറുതി വരുമെങ്കിലും പ്രതിഷേധം കെട്ടടങ്ങുന്നതോടെ വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി തോട് മാറും. മൂവാറ്റുപുഴ ടൗണില്‍ മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നടപടി ആരംഭിച്ചതോടെ ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ വാഹനത്തിലെത്തിച്ച് തോടിലേക്ക് നിക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്.
പാറമണല്‍ കഴുകിയ വെള്ളം തോട്ടിലേക്ക് ഒഴുക്കി വിടുന്നതും പതിവായിരിക്കുകയാണ്. പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പെരിയാര്‍വാലി കനാലുകളില്‍ നിന്നുള്ള വെള്ളം തോടിലേയ്ക്ക് ഒഴുകുന്നതിനാല്‍ കടുത്ത വേനലിലും തോട് ജല സമൃദ്ധമാണ്. പായിപ്ര, മാനാറി ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറുകളിലും, പാറമടകളില്‍ നിന്നും മെറ്റലും, മണലും കഴുകുന്ന വെള്ളംതോടിലേയ്ക്ക് തുറന്ന് വിട്ടതോടെ തോട് മലിനമാകുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തോടിലെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ച് തുടങ്ങിയതോടെയാണ് നാട്ടുകാര്‍ മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയത്. ഇതിന് പുറമെ വടമുക്ക് പാലത്തില്‍ നിന്നും തോടിലേയ്ക്ക് അറവ് മാലിന്യങ്ങളും കോഴിക്കടകളില്‍ നിന്നുമുള്ള വെയ്സ്റ്റും, മീന്‍ കടകളില്‍ നിന്നുള്ള വെയ്സ്റ്റും നിക്ഷേപിക്കല്‍ പതിവാണ്. രാത്രിയാകുന്നതോടെ വടമുക്ക് പാലം വിജനമാകുന്നതോടെയാണ് ദൂരെ ദിക്കുകളില്‍ നിന്നു പോലും വാഹനത്തില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.
നിരവധി കുടിവെള്ള പദ്ധതികളും തോടിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അശമന്നൂര്‍ പഞ്ചായത്തിലെ മേതലയില്‍ നിന്നും ഉത്ഭവിച്ച് നെല്ലിക്കുഴി പായിപ്ര പഞ്ചായത്തുകളിലൂടെ കടന്ന് മൂവാറ്റുപുഴ നഗരസഭയിലെ മൂവാറ്റുപുഴയാറില്‍ അവസാനിക്കുന്നതാണ് മുളവൂര്‍ തോട്. മുളവൂര്‍ തോട് സംരക്ഷിക്കുന്നതിന് തോട് സംരക്ഷണ സമിതി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.


