കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിച്ചെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പാണെന്നും കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗം വിലയിരുത്തി. യോഗത്തില്‍ ആര്‍എസ്എസ് സംസ്ഥാന നേതാക്കളും പോഷക സംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു. ബിജെപിയില്‍ നിന്നും കുമ്മനം രാജേശഖരനും കെ.സുരേന്ദ്രനും യോഗത്തില്‍ പങ്കെടുക്കാനെത്തിയെങ്കിലും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള യോഗത്തിന് വന്നില്ല.

സംസ്ഥാനത്തെ അഞ്ച് എ പ്ലസ് മണ്ഡലങ്ങളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ അതിശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. ഇതില്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ത്രികോണമത്സരത്തെ അതിജീവിച്ചും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിക്കും എന്നാണ് യോഗത്തിലുണ്ടായ പൊതുവികാരം.
നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂരില്‍ ശക്തമായ മത്സരം തന്നെ പാര്‍ട്ടി കാഴ്ചവച്ചെന്ന് യോഗം വിലയിരുത്തി. തൃശ്ശൂരില്‍ ശക്തമായ ജയസാധ്യതയുണ്ടെങ്കിലും യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണമുണ്ടായെന്നാണ് ആര്‍എസ്എസ് കണ്ടെത്തല്‍. തൃശ്ശൂരില്‍ മാത്രമല്ല സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ രീതിയില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായി എന്നും തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കള്‍ വിശദീകരിച്ചു എന്നാണ് അറിയുന്നത്.


