കൊച്ചി: ഹനാനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച സംഭവത്തില്‍ വയനാട് സ്വദേശിയായ നൂറുദ്ധീന്‍ ഷൈഖ് എന്നയാള്‍ക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തു. കൊച്ചി സിറ്റി പൊലീസ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
ഹനാന്റെ വാര്‍ത്ത പുറത്തുവന്നതോടെ ഫെയ്സ്ബുക്ക് ലൈവിലൂടെ ഇയാള്‍ ഹനാനെ അധിക്ഷേപിച്ച് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഈ വീഡിയോ വൈറലായി മാറി. ഹനാനെ അപകീര്‍ത്തിപ്പെടുത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ഹനാനെ അപമാനിച്ച മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കും. വൈകിട്ടോടെ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാകും കേസ് അന്വേഷണം നടക്കുക..
ഹനാനെതിരെയുള്ള പ്രചാരണം നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കിയത്. ഹനാന് ആവശ്യമായ സംരക്ഷണം നല്കാന് എറണാകുളം ജില്ലാ കലക്ടറോടും ഓഫീസ് ആവശ്യപ്പെട്ടിട്ടിരുന്നു.
ഹനാന് പിന്തുണയുമായി മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദനാണ് ആദ്യം രംഗത്തു വനന്നത്. തൊട്ടു
പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല, സംസ്ഥാന വനിതാ കമ്മീഷന് എന്നിവര്‍ രംഗത്തെത്തിയിരുന്നു.


