ആലപ്പുഴ: വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്രത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പോലീസ് പിടിച്ചുകൊണ്ട് പോയ സംഭവത്തില്‍ പെണ്‍കുട്ടിയെ അഖിലിനൊപ്പം മജിസ്ട്രേറ്റ് വിട്ടയച്ചു. അഖിലിനൊപ്പം പോകണമെന്ന് ആല്‍ഫിയ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റിന്റെ നടപടി. ഇരുവരും കോവളത്തെ അഖിലിന്റെ വീട്ടിലേക്ക് മടങ്ങി. വിവാഹം നാളെനടക്കും
കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തില്‍ വെച്ചാണ് അഖിലും കായംകുളം സ്വദേശിനിയായ ആല്‍ഫിയയും തമ്മിലുള്ള വിവാഹം നടത്താനിരുന്നത്. എന്നാല്‍ ആല്‍ഫിയയെ വിവാഹം നടക്കാനിരുന്ന ക്ഷേത്രത്തില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നായിരുന്നു പോലീസ് പറഞ്ഞത്. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെണ്‍കുട്ടിയെ കൊണ്ട് പോയത്. ആല്‍ഫിയയുടെ ബന്ധുക്കളും പോലീസിനൊപ്പം ഉണ്ടായിരുന്നെങ്കിലും വീട്ടുക്കാരോടൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിയ്ക്കുകയായിരുന്നു.
കോവളം പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തനിക്കൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് ആല്‍ഫിയ പറഞ്ഞുവെന്ന് അഖില്‍ പറയുന്നു. കായംകുളം പോലീസിന്റെ നടപടിക്കെതിരെ അഖില്‍ കോവളം പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തിട്ടുള്ളതിനാലാണ് യുവതിയെ പിടിച്ചുകൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്.


