ബംഗളൂരു: വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ചാന്ദ്രഭ്രമണപഥത്തിൽ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന ലൂണാർ ഓർബിറ്റ് ഇൻസേർഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 1738 സെക്കൻഡ് (28.96 മിനുട്ട്) നേരം ഉപഗ്രഹത്തിലെ പ്രപൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഉപഗ്രഹത്തെ ചന്ദ്ര ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്ന് രാവിലെ 9:02 ഓടെയാണ് ഭ്രമണപഥ പ്രവേശനം പൂർത്തിയാക്കിയതെന്ന് ഇസ്റോ അറിയിച്ചു.
#ISRO
Lunar Orbit Insertion (LOI) of #Chandrayaan2 maneuver was completed successfully today (August 20, 2019). The duration of maneuver was 1738 seconds beginning from 0902 hrs ISTFor more details visit https://t.co/FokCl5pDXg
— ISRO (@isro) August 20, 2019
ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18,078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് ഇപ്പോഴുള്ളത്. ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്ന് ഉപഗ്രഹത്തിന്റെ പ്രവർത്തനം നിരന്തരം വിലയിരുത്തുന്നുണ്ട്. ഉപഗ്രഹത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്റോ അറിയിച്ചു.

