ഒരിക്കല്‍ അണ്ടര്‍ 18 വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സീനിയര്‍ ടീമില്‍ സ്ഥിര അംഗവുമായിരുന്ന ഝാര്‍ഖണ്ഡിലെ സംഗീത കുമാരി ഉപജീവനം വഴിമുട്ടി ഇഷ്ടിക ചൂളയില്‍ പണിയെടുക്കുന്നു. ധന്‍ബാദിലെ ബാഗ്മാര ബ്ലോക്കിലെ സ്വന്തം ഗ്രാമമായ ബാന്സ്മുരി ഗ്രാമത്തില്‍ ഒരു ഇഷ്ടിക ചൂളയിലാണ് സംഗീത ജോലി ചെയ്യുന്നത്.
കൊവിഡ് ഒന്നാം തരംഗം പിടിമുറുക്കിയ കഴിഞ്ഞ വര്‍ഷം ധന്‍ബാദ് ഫുട്ബോള്‍ അസോസിയേഷന് ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ച് നല്കി സഹായിച്ചിരുന്നു. ഈ വര്‍ഷം അതും നിലച്ചതോടെയാണ് പട്ടിണി മാറ്റാന്‍ വേണ്ടി സംഗീത ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയത്.
ഭൂട്ടാനിലെ അണ്ടര്‍ 18 ടീമിലും തായ്ലന്ഡിലെ അണ്ടര്‍ 19 ടീമിലും 2018 ല്‍ അഭിമാനകരമായി വിജയിച്ചതിനെ തുടര്‍ന്നാണ് സംഗീത പ്രശസ്തി നേടിയത്. കഴിഞ്ഞ വര്‍ഷം ദേശീയ ടീമില്‍ വിളിക്കപ്പെട്ടു, എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം മത്സര ടൂര്‍ണമെന്റുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് കുടംബത്തിനെ പോറ്റാനായി ഇഷ്ടികച്ചൂളയിലേക്ക് ഇറങ്ങുകയായിരുന്നു സംഗീത.
ഇരുപതുകാരിയായ സംഗീതക്ക് രോഗിയും അന്ധനുമായ പിതാവുണ്ട്. കൂടാതെ കേള്‍വിക്കുറവും അദ്ദേഹത്തിനുണ്ട്, അതിനാല്‍ സ്ഥിരമായി മരുന്നുകള്‍ ആവശ്യമാണ്. ദിവസ വേതന തൊഴിലാളിയായ സഹോദരന്റെ തുച്ഛമായ വരുമാനം കൊണ്ട് കാര്യങ്ങളെല്ലാം നടക്കാത്തതിനെ തുടര്‍ന്നാണ് സംഗീത ഇഷ്ടിക ചൂളയിലേക്കിറങ്ങിയത്.
”സംഗീത ശരിക്കും കഠിനാധ്വാനിയും അര്‍പ്പണബോധമുള്ളവളുമാണ്, അവളുടെ ഗെയിം തുടരാന്‍ ചില സാമ്പത്തിക സഹായങ്ങള്‍ ആവശ്യമാണ്. സംസ്ഥാനത്ത് കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ അവരുടെ പിന്തുണയുമായി മുന്നോട്ട് വരണം, ”ധന്‍ബാദ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി എം.ഡി. ഫയാസ് അഹ്മന്ദ് പറഞ്ഞു.
സംഗീതയുടെ പരിതാപാവസ്ഥ ലോകത്തെ അറിയിച്ച് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന് ട്വിറ്ററില്‍ എത്തിയിരുന്നു. കഠിന പ്രയത്നവും നേട്ടങ്ങളും കൊണ്ട് ഝാര്‍ഖണ്ഡിനെ ലോകത്തോളം ഉയര്‍ത്തിയ താരമാണ് സംഗീതയെന്നും ഇപ്പോള്‍ ജീവിതം വഴിമുട്ടി ഇഷ്ടികക്കളത്തിലുമാണെന്നായിരുന്നു ചെയര്മാന് രേഖ ശര്‍മയുടെ ട്വീറ്റ്.
ഇതിന് പിറകെ താരത്തെ അടിയന്തരമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് സര്‍ക്കാറിന് രേഖ ശര്‍മ കത്തെഴുതുകയും ചെയ്തു. കത്തിന്റെ ഒരു പതിപ്പ് ദേശീയ ഫുട്ബോള്‍ ഫെഡറേഷനും അയച്ചിട്ടുണ്ട്.


