ന്യൂസീലന്‍ഡ് പര്യടനത്തിനെത്തിയ ഒരു പാകിസ്താന് താരത്തിനു കൂടി കൊവിഡ്. ഇതോടെ പാക് സ്ക്വാഡില്‍ ആകെ 8 താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തെ തുടര്‍ന്ന് ന്യൂസീലന്‍ഡ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ച മൂന്ന് താരങ്ങളില്‍ പെട്ടയാള്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച രണ്ട് താരങ്ങളെ പറ്റി അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങളെ രാജ്യത്തു നിന്ന് പുറത്താക്കുമെന്ന് ന്യൂസീലന്‍ഡ് സര്‍ക്കാര്‍ താക്കീത് നല്‍കിയിരുന്നു. ഒരു തവണ കൂടി ലംഘനമുണ്ടായാല്‍ രാജ്യത്തു നിന്ന് തന്നെ താരങ്ങളെ പുറത്താക്കുമെന്ന് ന്യൂസീലന്‍ഡ് ആരോഗ്യവകുപ്പ് അറിയിച്ചു. ടീം അംഗങ്ങളില്‍ പലരും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായെന്ന് ന്യൂസീലന്‍ഡ് ആരോഗ്യവകുപ്പ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.
പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വാസിം ഖാന് താരങ്ങളുമായി നടത്തിയ വാട്സപ്പ് സന്ദേശത്തിലാണ് ന്യൂസീലന്‍ഡ് നല്കിയ മുന്നറിയിപ്പിനെപ്പറ്റി വെളിപ്പെടുത്തിയത്. ഡിസംബര്‍ 18നാണ് പാകിസ്താന്റെ ന്യൂസീലന്‍ഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ട്വന്റി-20കളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തില്‍ ഉള്ളത്.


