മൂവാറ്റുപുഴ: ശബ്ദാനമായ ലോകത്ത് നിശബ്ദനായി ഗാന്ധി ജയന്തി ദിനത്തില്‍ ബധിരനും മൂകനുമായ സെയ്ത് കുഞ്ഞ് ഇക്കുറിയും നഗര ശുചീകരണത്തിനെത്തി. മൂവാറ്റുപുഴ കാവുങ്കര മoത്തില്‍ കൊച്ചുമുഹമ്മദ് മകനായ സെയ്ത് കുഞ്ഞ് ഇത് ഇരുപതാം വര്‍ഷമാണ് നഗര ശുചീകരണം നടത്തുന്നത്.

കവുങ്കര റോട്ടറി റോഡിലായിരുന്നു ഇക്കുറി സെയ്ദ് കുഞ്ഞും സുഹൃത്തുക്കളും ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സെന്‍ട്രല്‍ ജമാഅത് കമ്മിറ്റി സെക്രട്ടറി എം എം മുഹമ്മദ്, മാധ്യമ പ്രവര്‍ത്തകനായ യൂസഫ് അന്‍സാരി, ജലീല്‍ കോട്ടപ്പടി, പള്ളിപ്പാട്ട് ഷുക്കൂര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

ഫാക്ട് ജീവനക്കാരനായി ഏലൂര്‍ എത്തിയതോടെയാണ് ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തന രംഗത്ത് വേറിട്ട ശൈലിയില്‍ സെയ്ത് കുഞ്ഞ് സജീവമായത്. ഫോര്‍ട്ട് കൊച്ചി, ആലുവ, ഗുരുവായൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി കെ.എസ്.ആര്.ടി.സി സ്റ്റാന്റുകള്‍, ശൗച്യാലയങ്ങള്‍ എന്നിവ ഗാന്ധിജയന്തി ദിനങ്ങളില്‍ സെയ്ത് കുഞ്ഞ് വൃത്തിയാക്കുക പതിവായിരുന്നു. ബധിരയായ ഭാര്യ ആമിനയും എല്ലാ പ്രവൃത്തികളിലും ഒപ്പമുണ്ട്. ഗുജറാത്ത് ദുരന്തബാധിതരെ സഹായിക്കാന്‍ ബധിര സഹോദരനായ ജാഫറുമൊത്ത് ഷൂ പോളിഷ് ചെയ്ത് ധനസമാഹരണം നടത്തി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ശ്രദ്ധേയമായിരുന്നു.


