തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍ ക്രിസ്മസിനെ വരവേറ്റു. പാതിരാ കുര്‍ബാനയ്ക്കായി വിശ്വാസികള്‍ ദേവാലയങ്ങളിലെത്തി. അള്‍ത്താരയിലെ ഉണ്ണിയേശുവിന്റെ രൂപം പുല്‍ക്കൂട്ടിലെത്തിച്ച് പുരോഹിതര്‍ ശുശ്രൂഷകള്‍ നടത്തി. പള്ളികളിലും വലിയ തിരക്കുകളാണ് അനുഭവപ്പെട്ടത്.
യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍മിക്കണമെന്ന് മാര്‍പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് അദ്ദേഹം നേതൃത്വം നല്കി. നാലായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്ത ശേഷം പത്താമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്.
കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന തിരുപ്പിറവി ശുശ്രൂഷയ്ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്കി. വിഴിഞ്ഞം വിഷയമടക്കം കര്‍ദ്ദിനാളിന്റെ ക്രിസ്മസ് സന്ദേശത്തില്‍ ഇടംനേടി.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്രീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും, കോട്ടയം ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭ ആസ്ഥാനത്ത് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും പാതിര കുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്കി. കോഴിക്കോട് ദൈവമാത കത്തീഡ്രലില്‍ കോഴിക്കോട് രൂപതാ ബിഷപ് വര്‍ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
ക്രിസ്മസിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനയും നടന്നു. പട്ടം സെന്റ് മേരീസ് പള്ളിയില്‍ കര്‍ദിനാള്‍ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. പളളിയിലെ ഗായക സംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളുമുണ്ടായിരുന്നു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു. ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. താമരശ്ശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു.
തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് അതിജിവനത്തിന്റെ ക്രിസ്മസ് ആയിരുന്നു. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്കും വിഴിഞ്ഞം സമരങ്ങള്‍ക്കും ശേഷം എത്തിയ ക്രിസ്മസ് ആഘോഷമാക്കുകയാണ് തീരവാസികള്‍. വീടുകള്‍ക്കും കടലിനും ഇടയിലുള്ള കടപ്പുറത്ത് കൂട്ടം കൂടിയാണ് വെട്ടുകാട് തീരത്ത് അര്‍ദ്ധരാത്രിവരെ നീണ്ട ക്രിസ്മസ് ആഘോഷം നടന്നത്. കൊവിഡ് കാലത്തിനു ശേഷമെത്തിയ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കാന്‍ പടക്ക വിപണിയും ഇത്തവണ സജീവമായിരുന്നു.


