കൊച്ചി : കൊട്ടിഘോഷിച്ചു കേക്കുണ്ടാക്കി എറണാകുളം മില്‍മയ്ക്ക് കിട്ടിയത് എട്ടിന്റെ മുട്ടന്‍ പണി.സാമ്പത്തിക ഞെരുക്കം മൂക്കോളം.ക്രിസ്മസ് -പുതുവത്സര വിപണി കീഴടക്കാന്‍ പുതിയ പദ്ധതിയുമായി എത്തിയതാണ് മില്‍മ. നിര്‍മ്മിച്ച അറുപതിനായിരത്തോളം കേക്കുകള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാല്‍ കുഴിവെട്ടിമൂടി.
ചില മെമ്പര്‍മാരുടെ വാശിയുടെ ചുവട് പിടിച്ച് ബേക്കറി ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മാണത്തിന് ചാടിപുറപ്പെട്ടതാണ് മില്‍മയുടെ എറണാകുളം യണിറ്റ്. ഇതിലൂടെ യൂണീറ്റ് വരുത്തിയത് ലക്ഷങ്ങളുടെ നഷ്ടം.കേക്കും , ബേക്കറി ഭക്ഷ്യ വസ്തുക്കളും നിര്‍മ്മിച്ച് വിപണിയിലെത്തിക്കണമെങ്കില്‍ പരിചയസമ്പന്നരായ തൊഴിലാളികള്‍ വേണമെന്ന് ചില അംഗങ്ങള്‍ പറഞ്ഞെങ്കിലും പുല്ലു വില കല്പിച്ച് വാശപുറത്ത് ചാടിയതാണ് ചിലര്‍.
ദിവസവും വില്‍ക്കുന്ന പാലും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്ളപ്പോള്‍ ക്രിസ്മസ് കാലത്തുമാത്രം വിപണിയുള്ള കേക്ക് നിര്‍മാണം വേണ്ടെന്നാണ് കൂടുതല്‍ മെമ്പര്‍മാരും പറഞ്ഞത്. എന്നാല്‍ ചാലക്കുടി പ്ലാന്റ് നിന്നുപോയതിനാല്‍ ഇവിടെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഇതു സര്‍ക്കാര്‍ ഏറ്റെടുക്കും എന്നു തെറ്റിധാരണ പരത്തിയാണ് ് കേക്ക് നിര്‍മാണ യൂണിറ്റ് തുടങ്ങിയത്. മില്‍മയുടെ യൂണിറ്റുകള്‍ മുന്‍പന്തിയിലുള്ള മലബാര്‍ മേഖലപോലും കേക്ക് ഓഡര്‍ കൊടുത്തു വാങ്ങിയാണ് വില്പന നടത്തുന്നത്.
സീസണില്‍ ശരാശരി ഒരു ലക്ഷം കേക്ക് എങ്കിലും ചെലവാകുമെന്നു മന്ത്രിയെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് എറണാകുളം മേഖലയിലെ അണിയറക്കാര്‍ ഇതിനുള്ള നിര്‍മാണാനുമതി വാങ്ങിയത്. കഴിഞ്ഞ നാലു വര്‍ഷത്തെ ക്രിസ്മസ് സീസണിലെ വില്പന ശരാശരി ഒരു വര്‍ഷം 30,000 എണ്ണത്തില്‍ താഴെയായിരുന്നെന്ന വസ്തുത അവര്‍ മറച്ചുവയ്ക്കുകയും ചെയ്തു. ഇതിനിടെയാണ്, നിര്‍മിച്ച ഒരു കേക്ക് പോലും വില്ക്കാനാകാതെ തിരിച്ചെത്തിയിരിക്കുന്നത്.
ഉത്പാദനച്ചെലവ് മുതലാകാതെ ക്ഷീരകര്‍ഷകര്‍ സാമ്പത്തിക ബാധ്യത മൂലം ഒരു മുഴം കയറില്‍ തൂങ്ങി ആടുന്ന ഈ കാലഘട്ടത്തില്‍ ഇന്‍സെന്റീവ് കൊടുക്കുവാന്‍
മില്‍മയ്ക്കു സാമ്പത്തികമില്ല. അതിനിടെയാണ് ലക്ഷങ്ങള്‍ മുടക്കി കൊട്ടിഘോഷിച്ച് ചാലക്കുടിയില്‍ ബേക്കറി യൂണിറ്റ് തുടങ്ങിയത്. ഒടുവില്‍ കേക്ക് ഉത്പാദനം കറുത്തകുത്തായി.