തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ബിഷപ്പ് തോമസ് ജെ നെറ്റോ. നല്ലിടയന് ഞായറുമായി ബന്ധപ്പെട്ട് പള്ളികളില്‍ ഇന്നലെ വായിച്ച സര്‍ക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്സിആര്‍എ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷന് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണെന്ന് പരോക്ഷ വിമര്‍ശനവും ബിഷപ്പ് ഉയര്‍ത്തി. സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി. അതേസമയം വിശ്വാസികളെ സഭയുടെ സാമ്പത്തിക അവസ്ഥ അറിയിക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ എന്നാണ് സഭയുടെ വിശദീകരണം.