ശബരിമലയിലേ മുഖ്യ പ്രസാദമായ അരവണയുടെ കണ്ടെയ്നർ വിതരണത്തിൽ നിന്നു കരാറുകാരൻ പിന്മാറി.ഇതോടെ അരവണയുടെ വില്പനയും വിതരണവും നിലക്കുമോ എന്നും ആശങ്ക വന്നു. വിതരണത്തിനു കരാർ ഏറ്റെടുത്തിരുന്ന കൊല്ലത്തെ ശ്രീവിഘ്നേശ്വര പായ്ക്ക്സ് പിൻമാറിയതിനെ തുടർന്നു ഉണ്ടായ ബുദ്ധിമുട്ടും മറ്റും ചില്ലറയല്ല. മാത്രമല്ല ഇതു മൂലം ദേവസ്വത്തിനു ഉണ്ടാകുന്നത് കോടാനു കോടികളുടെ നഷ്ടവും. എവിടെ തൊട്ടാലും ദേവസ്വത്തിനു ഇക്കുറി കോടികളുടെ നഷ്ടമാണ്. അത്രമാത്രം ശകുന പിഴയും, അസ്വഭാവികതകളും ആണ് ഉണ്ടാകുന്നത്.
ബോർഡ് ടെൻഡർ ക്ഷണിച്ചതു കഴിഞ്ഞ ജൂലൈയിലാണ്. ഒരു കണ്ടെയ്നറിന് 4.40 രൂപ വച്ച് 1.8 കോടി കണ്ടെയ്നറുകൾ വിതരണം ചെയ്യുന്നതിനു ശ്രീവിഘ്നേശ്വരയ്ക്കു കരാർ നൽകി. എന്നാൽ ബോർഡിന്റെ ഉത്തരവു ലഭിച്ചത് ഈ മാസം 8നാണെന്നു കരാറുകാർ പറയുന്നു.വിജ്ഞാപന പ്രകാരം ഒക്ടോബർ 31 നകം 50% കണ്ടെയ്നറുകൾ കൈമാറണമായിരുന്നു. ശേഷിക്കുന്നവ വരുന്ന 30നും. 8നു കിട്ടിയ ഉത്തരവു പ്രകാരം ഈ മാസം 20 ന് 20 ലക്ഷം കണ്ടെയ്നറുകൾ നൽകണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ കരുതൽ നിക്ഷേപമായി ഒരു കോടി രൂപ അടയ്ക്കണമെന്നും. നിക്ഷേപത്തുക കുറയ്ക്കണമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ കണ്ടെയ്നറുകൾ നൽകാനാവില്ലെന്നും കമ്പനി ബോർഡിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബാക്കിവന്ന 80 ലക്ഷം കണ്ടെയ്നറുകളിലാണു നിലവിൽ അരവണ നൽകുന്നത്.


