കൊച്ചി: ഉന്നത തല യോഗങ്ങള്‍ ചേര്‍ന്ന് ഏറെ കൂടിയാലോചനകള്‍ക്ക് ശേഷം കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഷപ്പിന്റെ മൊഴി തൃപ്തികരമല്ലാതാവുകയും തെളിവുകള്‍ എതിരാവുകയും ചെയ്തതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഇതോടെ അറസ്റ്റെന്ന തീരുമാനത്തില്‍ അന്വേഷണസംഘം എത്തുകയായിരുന്നു.
കോട്ടയം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബിഷപ്പ് വീണ്ടും അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായത്. കോട്ടയം എസ്.പി എസ്. ഹരിശങ്കര്‍, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ മൊഴി വിവിധ സംഘങ്ങളായി തിരിഞ്ഞ് വിശദമായി പരിശോധിച്ച അന്വേഷണസംഘം ക്രോസ് വിസ്താരരീതിയിലാണ് ബിഷപ്പിനോട് ചോദ്യങ്ങള്‍ ചോദിച്ചത്.
അറസ്റ്റ് ഒഴിവാക്കാന്‍ കഴിയില്ലന്ന് എസ്.പി ബിഷപ്പിനെ അറിയിച്ചു. തുടര്‍ന്ന് പഞ്ചാബ് പൊലീസിനേയും അവിടത്തെ അഭിഭാഷകനേയും പൊലീസ് ഇക്കാര്യം അറിയിച്ചു. പിന്നാലെ റിമാന്‍ഡ് റിപ്പോര്‍ട്ട് രേഖപ്പെടുത്തുകയും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
രാത്രിയോടെ ബിഷപ്പിനെ വൈക്കം മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കും. പാലാ മജിസ്ട്രേട്ടിന് മുമ്പിലാണ് ബിഷപ്പിനെ ഹാജരാക്കേണ്ടിയിരുന്നത്.എന്നാല്‍ മജിസ്ട്രേട്ട് അവധിയായതിനാല്‍ ചുമതല വൈക്കം മജിസ്ട്രേട്ടിന് നല്‍കുയായിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് മജിസ്ട്രേട്ടിനോട് ആവശ്യപ്പെടും.