മൂവാറ്റുപുഴ: മഹാശോഭയാത്രയില്‍ പങ്കെടുത്തവര്‍ക്ക് ശീതളപാനിയവും മധുരപലഹാരവും വിതരണം ചെയ്ത് മുളവൂര്‍ ചിറപ്പടി സൗഹൃദം ചാരിറ്റി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് മുളവൂര്‍ ദേവര്‍കുന്ന് ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച് മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തിലെത്തി അവിടെ നിന്നും തിരിച്ച് ദേവര്‍കുന്ന് ക്ഷേത്രത്തില്‍ സമാപിച്ച മഹാശോഭയാത്രയില്‍ പങ്കെടുത്തവര്‍ക്ക് ചിറപ്പടി ജംഗ്ഷനില്‍ വച്ചാണ് സൗഹൃദം ചാരിറ്റി പ്രവര്‍ത്തകര്‍ മധുരപലാഹരവും ശീതള പാനിയവും വിതരണം ചെയ്തത്.
കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ മുളവൂര്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്രദിന റാലിയില്‍ പങ്കെടുത്തവര്‍ക്കും ചാരിറ്റിയുടെ നേതൃത്വത്തില്‍ ശീതളപാനിയങ്ങള്‍ വിതരണം ചെയ്തിരുന്നു. സൗഹൃദം ചാരിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനര്‍ക്ക് ആശ്വാസമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ജാതി മത രാഷ്ട്രീയത്തിനധീതമായി 100-ഓളം യുവാക്കളുടെ നേതൃത്വത്തിലാണ് ചാരിറ്റിയുടെ പ്രവര്‍ത്തനം നടന്ന് വരുന്നത്. വിവാഹ വീടുകളില്‍ ഭക്ഷണം വിളമ്പിയും മറ്റ് പ്രവര്‍ത്തനങ്ങളിലൂടെ പണം കണ്ടെത്തിയാണ് സാന്ത്വന പരിചരണ രംഗത്ത് ചാരിറ്റിയുടെ മുന്നേറ്റം. ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ച് ആറ് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിരവധി നിര്‍ദ്ധനരായ ആളുകള്‍, രോഗികള്‍ക്ക് അടക്കം കൈതാങ്ങായി മാറാന്‍ ചാരിറ്റിക്ക് കഴിഞ്ഞു. പ്രസിഡന്റ് താജുദ്ദീന് വാരിക്കാട്ട്, സെക്രട്ടറി അലിമുത്ത് സി.പി.കെ എന്നിവര്‍ നേതൃത്വം നല്കി.