അമൃത്സര്‍: പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തെ അറസ്റ്റ് ചെയ്തുവെന്നും സ്ഫോടനക്കേസ് പരിഹരിച്ചുവെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് ട്വിറ്ററിലൂടെ അറിയിച്ചു. അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്ത്. ഒരാഴ്ചക്കിടെ പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ സ്ഫോടനമായതിനാല്‍ നിരീക്ഷണം ശക്തമാക്കിയെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് അമൃത്സറിലെ ഗുരു രാംദാസ് ജി നിവാസിന് സമീപം തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായത്. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഇതേ പ്രദേശത്ത് സ്ഫോടനമുണ്ടാവുന്നത്. സുവര്‍ണ ക്ഷേത്രത്തിന് സമീപമുള്ള ഹെറിറ്റേജ് സ്ട്രീറ്റില്‍ മെയ് 6,8 തീയതികളില്‍ സ്ഫോടനങ്ങള്‍ നടന്നിരുന്നു. പഞ്ചാബ് പൊലീസും ദേശീയ അന്വേഷണ സംഘവും ചേര്‍ന്ന് ഫോറന്‍സിക് സാമ്പിളുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
സ്ഫോടന ശേഷി കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ രീതിയിലുള്ള പടക്കങ്ങളില്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.