മുംബൈ: ഏപ്രില്‍ 12ന് ക്രിസ്ത്യന്‍ സംഘടനകളുടെ മഹാ റാലി മുംബൈയില്‍ നടക്കും. ക്രിസ്ത്യന്‍ സമുദായത്തിനെതിരെയും ആരാധനാലയങ്ങള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നത്. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളും സെക്കുലര്‍ പ്രവര്‍ത്തകരും മാര്‍ച്ചിന്റെ ഭാഗമാകും. ബൈക്കുള്ള സൂവില്‍ നിന്ന് ആരംഭിക്കുന്ന റാലി ആസാദ് മൈതാനിയില്‍ അവസാനിക്കും.
ക്രിസ്ത്യാനികള്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ചിലര്‍ തടസപ്പെടുത്തിയതായും അംഗങ്ങളെ അക്രമിച്ചതായും ‘സമസ്ത് ക്രിസ്റ്റി സമാജ്’ എന്ന സംഘടന ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം രാജ്യത്ത് ഇത്തരത്തിലുള്ള 597 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംഘടനാംഗങ്ങള്‍ പറഞ്ഞു.
ആവശ്യങ്ങളിങ്ങനെ:
മനുഷ്യാവകാശ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, സമുദായാംഗങ്ങള്‍ക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ വേഗത്തില്‍ അവസാനിപ്പിക്കുക, നിയമവിരുദ്ധമായി തകര്‍ത്ത പള്ളികളുടെ പുനര്‍നിര്‍മ്മാണം നടത്തുക, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്നത്.